അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മൂല്യം പൗരന്മാർ മനസിലാക്കണം: സുപ്രീംകോടതി സമൂഹ്യമാദ്ധ്യമങ്ങളിൽ സ്വയം നിയന്ത്രണം പാലിക്കണം ചില പൗരന്മാർ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു
ന്യൂഡൽഹി: അഭിപ്രായ-ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങളുടെ മൂല്യം പൗരന്മാർ മനസിലാക്കേണ്ടതുണ്ടെന്ന്,സമൂഹ്യമാദ്ധ്യമങ്ങളിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി നിരീക്ഷിച്ചു. ചില പൗരന്മാർ അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു. പൗരന്മാർ സാമൂഹ്യമാദ്ധ്യമങ്ങളിൽ സ്വയം നിയന്ത്രണം പാലിക്കണം. അതിനു തയ്യാറാകുന്നില്ലെങ്കിൽ സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പൗരന്മാർക്കിടയിൽ സാഹോദര്യബോധമുണ്ടെങ്കിൽ വെറുപ്പ് പടരുന്നത് കുറയും. സമൂഹത്തെ ഭിന്നിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രവണതകൾ തടയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം വ്യവഹാരങ്ങൾ വർദ്ധിപ്പിക്കുകയും,രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ തടസപ്പെടുത്തുകയും ചെയ്യും. പൊലീസ് ഇത്തരത്തിലുള്ള കേസുകൾ നോക്കാനല്ല. അവർക്ക് വേറെ ക്രിമിനൽ കേസുകൾ അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
വസാഹത്ത് ഖാൻ കേസിൽ
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇൻഫ്ലുവൻസർ ആയ ശർമ്മിഷ്‌ഠ പനോലിയിട്ട സാമൂഹ്യമാദ്ധ്യമ പോസ്റ്റിനെതിരെ കൊൽക്കത്ത സ്വദേശി വസാഹത്ത് ഖാൻ ട്വീറ്റുകൾ പോസ്റ്റ് ചെയ്‌തിരുന്നു. ന്യൂനപക്ഷ സമുദായത്തിനെതിരെ പരാമർശം നടത്തിയെന്നായിരുന്നു ശർമ്മിഷ്‌ഠയ്‌ക്കെതിരായ ആരോപണം. പിന്നാലെ ശർമ്മിഷ്‌ഠ അറസ്റ്റിലായി. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്‌തു. സംഭവം വിവാദമായതോടെ വസാഹത്ത് ഖാനെതിരെ വിദ്വേഷപ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളിൽ കേസെടുത്തു. ഇവ സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം വിമർശനത്തോടെ കോടതി ഇന്നലെ നീട്ടി. അതേസമയം, ട്വീറ്റുകളിൽ വസാഹത്ത് ഖാൻ മാപ്പു പറഞ്ഞതായി അഭിഭാഷകൻ അറിയിച്ചു. ഉള്ളടക്കത്തെ ന്യായീകരിക്കാനില്ല. ട്വീറ്റുകൾ നീക്കം ചെയ്‌തിരുന്നുവെന്നും കൂട്ടിച്ചേർത്തു.