ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാൻ രാജുവിന് ദാരുണാന്ത്യം പാ രഞ്ജിത്തടക്കം 4 പേർക്കെതിരെ കേസ്
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാന് ദാരുണാന്ത്യം. സ്റ്റണ്ട് കോർഡിനേറ്ററായ കാഞ്ചീപുരം പൂങ്കണ്ടം സ്വദേശി മോഹൻരാജ് (52) ആണ് മരിച്ചത്. പാ രഞ്ജിത്ത് -ആര്യ ചിത്രം വേട്ടുവയിലെ കാർ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കീലയൂർ പൊലീസ് പരിധിയിലുള്ള ആലപ്പക്കുടിയിൽ ഞയറാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു. അതിവേഗത്തിലെത്തിയ എസ്യു.വി റാമ്പിലൂടെ ഓടിച്ചുകയറ്റി പറപ്പിക്കുന്ന രംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം വായുവിൽ ഒരുതവണ മലക്കം മറിഞ്ഞ് ഇടിച്ചുകുത്തി വീഴുകയായിരുന്നു. തുടർന്ന് ക്രൂ അംഗങ്ങൾ ഓടിയെത്തി രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറി. നിരവധി സിനിമകളിൽ സ്റ്റണ്ട്മാനായി രാജു പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം,പാ രഞ്ജിത്തും ആര്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് 4 പേർക്കെതിരെ കേസെടുത്തു. സംവിധായകൻ പാ രഞ്ജിത്തടക്കം സ്റ്റണ്ട് കൊറിയോഗ്രഫർ വിനോദ്, നിർമ്മാതാക്കളായ നീലം പ്രൊഡക്ഷൻസിന്റെ ചുമതലയുള്ള രാജ്കമൽ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തലുകളുടെയും ഷൂട്ടിങ് ലൊക്കേഷനിലെ ദൃക്‌സാക്ഷികളിൽ നിന്നുള്ള മൊഴികളുടെയും അടിസ്ഥാനത്തിൽ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അതിനിടെ പാ രഞ്ജിത്തിനും ചിത്രത്തിന്റെ നിർമ്മാതാക്കൾക്കുമെതിരെ കേസ് എടുക്കണമെന്ന് അഖിലേന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. രാജുവിന്റെ കുടുംബത്തിന് ഒരു കോടിയുടെ ധനസഹായം നിർമ്മാതാക്കൾ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.