കോഴിവളത്തിനും തീവില, കർഷകർ പ്രതിസന്ധിയിൽ
കോട്ടയം: മഴക്കാലത്ത് അടിവളമായി ഉപയോഗിച്ചിരുന്ന കോഴിവളത്തിന്റെ അപ്രതീക്ഷിത വിലക്കയറ്റത്തെ തുടർന്ന് പ്രതിസന്ധിയിലായി കാർഷിക മേഖല. ഓണവിപണി ലക്ഷ്യമിട്ട് പച്ചക്കറികളും ഏത്തവാഴയും കൃഷി ചെയ്യുന്ന കർഷകർക്കാണ് തിരിച്ചടിയായത്.
റബർ, ഏലം, കമുക്, തുടങ്ങിയ വിളകൾക്കും അടിവളമായി ഇത് ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കോഴിവളത്തിനാണ് കൂടുതൽ ആവശ്യക്കാർ. ഒരു ചാക്കിന് 80 രൂപയായിരുന്നു വില. ഒരുമാസത്തിനിടെ 160 രൂപയായി ഉയർന്നു. 35 കിലോ മുതൽ 40 കിലോ വരെയാണ് ഒരു ചാക്ക് വളത്തിന്റെ തൂക്കം. മുട്ടക്കോഴി വളർത്തൽ ഫാമുകളിൽ കൃത്യമായി സംസ്‌കരിച്ച വളമായതിനാൽ തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്നതിന് ഗുണനിലവാരം കൂടുതലാണ്. നാട്ടിലെ ഫാമുകളിൽ അറക്കപ്പൊടി ഉപയോഗിക്കുന്നതിനാൽ വളത്തിന് ഗുണനിലവാരം കുറവാണ്. കാർഷിക നയത്തിന്റെ ഭാഗമായി കോഴിവളം തമിഴ്‌നാട്ടിൽ ഉപയോഗിക്കുന്നില്ല. അതിനാൽ ഇങ്ങോട്ടേക്ക് ഇറക്കുമതി ചെയ്യുകയാണ്.
കുത്തനെ ഉയർന്നത് : 80 രൂപ
ഉണക്കചാണകം കിട്ടാനില്ല... തമിഴ്‌നാട്ടിൽ ഉണക്ക ചാണകമാണ് ഉപയോഗിക്കുന്നത്. ഏലം കർഷകരും ഉണക്കചാണകം വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. മുമ്പ് മഴക്കാലത്ത് ധാരാളമായി ഉണക്ക ചാണകം കിട്ടിയിരുന്നു. അൻപതു ശതമാനം ആളുകൾ ക്ഷീരമേഖലയിൽ നിന്നു പിൻമാറിയതോടെ വൻകിട ഫാമുകളിൽ മാത്രമാണ് ഉണങ്ങിയ ചാണകം ലഭിക്കുന്നത്. കർണാടകയിലടക്കം ആവശ്യക്കാർ വർദ്ധിച്ചതോടെ ഉണക്ക ചാണകം മുഴുവനായി അങ്ങോട്ടാണ് നൽകുന്നത്. ഇതോടെ കോഴിവളത്തിന് പകരം ഉപയോഗിക്കാൻ വളമില്ലാത്ത സ്ഥിതിയായി.
നാട്ടിലെ കോഴിവളത്തിന് ഗുണനിലവാരമില്ലാത്തതും ഇടനിലക്കാർ മുതലാക്കിയതോടെ വില കുതിപ്പിനിടയാക്കി. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ കർഷകർകരെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. (എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാസെക്രട്ടറി)