എണ്ണപ്പലഹാര പ്രിയർക്ക് അപകട മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

Tuesday 15 July 2025 1:10 AM IST

ന്യൂഡൽഹി: ജിലേബി,സമൂസ തുടങ്ങിയ ജനപ്രിയ ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ അടങ്ങിയ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് കാണിക്കുന്ന പോസ്റ്ററുകൾ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. എണ്ണയുടെയും പഞ്ചസാരയുടെയും അമിതമായ ഉപഭോഗം പൊണ്ണത്തടി,പ്രമേഹം,രക്താതിമർദ്ദം,മറ്റ് ജീവിതശൈലി സംബന്ധമായ തകരാറുകൾ എന്നിവയ്‌ക്ക് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.

സ്കൂളുകൾ,ഓഫീസുകൾ തുടങ്ങി പൊതുസ്ഥലങ്ങളിൽ ദൈനംദിന ഭക്ഷണങ്ങളിൽ അടങ്ങിയ കൊഴുപ്പ്,പഞ്ചസാര തുടങ്ങി ശരീരത്തിന് ഹാനികരമാകുന്ന വസ്‌തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കും. സിഗരറ്റ് പാക്കറ്റുകളിലെ പുകയില മുന്നറിയിപ്പ് പോലെ എണ്ണപലഹാരങ്ങളുടെ അനാരോഗ്യ വശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. 'ഒരു ഗുലാബ് ജാമുനിൽ അടങ്ങിയത് അഞ്ച് ടീസ്പൂൺ പഞ്ചസാര' തുടങ്ങിയ രീതിയിലാകുമത്.

പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾക്ക് പുറമെ സർക്കാർ ലെറ്റർഹെഡുകൾ,കവറുകൾ,നോട്ട്പാഡുകൾ,ഫോൾഡറുകൾ മുതലായവയിലും ആരോഗ്യ സന്ദേശങ്ങളുണ്ടാകും. പഴങ്ങൾ,പച്ചക്കറികൾ തുടങ്ങി കൊഴുപ്പ് കുറഞ്ഞ ഭക്ഷണത്തെക്കുറിച്ചുള്ളവിവരങ്ങളും നൽകും. ചെറിയ വ്യായാമ ഇടവേളകൾ,നടത്തം എന്നിവ പ്രോത്സാഹിപ്പിക്കലും ഇതിന്റെ ഭാഗമാണ്.

2050ൽ പൊണ്ണത്തടിക്കാർ

44 കോടി

2050 ആകുമ്പോഴേക്കും 44.9 കോടിയിലധികം ഇന്ത്യക്കാർ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആകുമെന്നാണ് കണക്ക്. ഇക്കാര്യത്തിൽ നമ്മൾ യു.എസിന് പിന്നിൽ രണ്ടാം സ്ഥാനക്കാരാകും. നഗരപ്രദേശങ്ങളിലെ അഞ്ചിൽ ഒരാൾക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടെന്നാണ് കണക്ക്. ജീവിതശൈലി മാറ്റങ്ങളിലൂടെ അമിതവണ്ണത്തെ ചെറുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തിരുന്നു.