കേരള കോൺ.എം -എൻ.സി.പി പോര്: എൽ.ഡിഎഫിൽ അതൃപ്തി

Tuesday 15 July 2025 1:14 AM IST

കോട്ടയം:മലയോര മേഖലയിലെ വന്യമൃഗാക്രമണ പ്രശ്നത്തിൽ വനം മന്ത്രി എ.കെ ശശീന്ദ്രനും കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ മാണിയും കൊമ്പു കോർത്തത് എൽ.ഡി.എഫിൽ അതൃപ്തിയുളവാക്കി.ജോസ് മുന്നണി മര്യാദ ലംഘിച്ചെന്ന ആരോപണം മന്ത്രി ശശീന്ദ്രൻ ഉന്നയിച്ചു. ജനകീയ പ്രശ്നങ്ങളെ രാഷ്ടീയവത്ക്കരിച്ച് വക്രീകരിക്കാൻ ശ്രമിക്കേണ്ടെന്നായിരുന്നു ജോസിന്റെ മറുപടി. ഇരുവരെയും പിന്തുണച്ച് മാണി ഗ്രൂപ്പ് -എൻ.സി.പി നേതാക്കൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോരും ആരംഭിച്ചു.

കേരള കോൺഗ്രസ് -എമ്മിന്റെ മുന്നണി മാറ്റം സജീവ ചർച്ചയായി നിൽക്കുന്നതിനിടെ, ഭരണത്തേക്കാൾ വലുത് തങ്ങൾക്ക് കർഷക ജനതയാണെന്നായിരുന്നു കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച് ഹഫീസിന്റെ ഫേസ് ബുക്ക് പോസ്റ്റ്. മന്ത്രിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയും ജോസിന്റെ കളർ ഫോട്ടോയുമുള്ള പോസ്റ്റിട്ടായിരുന്നു കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടുനിരപ്പിൽ പാർട്ടി ചെയർമാനെ പിന്തുണച്ചത്. ജോസിനെ വിമർശിച്ചുള്ള വനം മന്ത്രിയടെ ചാനൽ അഭിമുഖ വീഡിയോകൾക്കു താഴെ മാണി വിഭാഗം പോഷക സംഘടനാ നേതാക്കളുടെ പ്രതികരണങ്ങൾ മുന്നണി മര്യാദയുടെ പരിധി ലംഘിക്കുന്നവയായിരുന്നു .

വന്യജീവി, തെരുവുനായ ആക്രമണങ്ങൾ ഉയർത്തി ഇടതു മുന്നണി വിടാൻ കാരണങ്ങൾ കണ്ടെത്തുകയാണ് ജോസും കൂട്ടരുമെന്നാണ് എൻ.സി.പി നേതാക്കളുടെ പരിഹാസം. അഭിപ്രായങ്ങൾ മുന്നണിയിൽ അറിയിക്കാൻ അവസരങ്ങളുള്ളപ്പോൾ വനം വകുപ്പിനെതിരെ അടിസ്ഥാനരഹിതമായ ആക്രമണങ്ങൾ ഉന്നയിക്കുന്നത് രാഷ്ടീയ ലാഭം മുന്നിൽ കണ്ടുള്ളതാണെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ആരോപിച്ചു.