എൻസിപിയിൽ പ്രതിസന്ധി; കേരളത്തിലെ എംഎൽഎമാർ രാജിവയ്ക്കണമെന്ന് പ്രഫുൽ പട്ടേൽ, മുന്നറിയിപ്പ്
Tuesday 15 July 2025 10:44 AM IST
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനും തോമസ് കെ തോമസും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ കത്ത്. ശരദ് പവാറിനൊപ്പം തുടർന്നാൽ അയോഗ്യരാക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. എന്നാൽ ശരദ് പവാറിനൊപ്പം ഉറച്ചുനിൽക്കുമെന്ന് തോമസ് കെ തോമസ് അറിയിച്ചു.
എൻസിപിയിൽ ദേശീയ തലത്തിൽ വലിയ പിളർപ്പുണ്ടായി അജിത് പവാറും ശരദ് പവാറും രണ്ട് പക്ഷത്തേക്ക് എത്തിയിരുന്നു. എന്നാൽ കേരളത്തിലെ എൻസിപി അജിത് പവാറിനെ തള്ളി ശരദ് പവാറിനൊപ്പം നിലകൊള്ളുകയായിരുന്നു. കേരളത്തിലെ ചെറിയൊരു വിഭാഗം മാത്രമാണ് അജിത് പവാറിനൊപ്പം പോയത്. ദേശീയ തലത്തിൽ ബിജെപിക്കൊപ്പം നിലകൊള്ളുന്ന എൻസിപി കേരളത്തിൽ എൽഡിഎഫിനെ പിന്തുണയ്ക്കുന്നതിനെതിരെ വിമർശനവും ഉയർന്നിരുന്നു.