'പാർവതിയുടെ ആ സ്വഭാവം കണ്ട് പഠിക്കരുതെന്ന് മക്കളോട് പണ്ടേ പറയാറുണ്ട്, വൃത്തികെട്ട ശീലമാണ്'; ജയറാം
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയറാം. താരത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമാണ്. ജയറാമിന്റെ മക്കളുടെ വിവാഹവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ജയറാം മുമ്പ് നൽകിയ ഒരു അഭിമുഖമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാർവതിയുടെ ഏത് സ്വഭാവമാണ് മക്കൾക്കുണ്ടാകരുത് എന്ന് ജയറാം ആഗ്രഹിച്ചത് എന്നാണ് അവതാരകൻ ചോദിക്കുന്നത്. ആദ്യമൊക്കെ പറയാൻ മടി കാട്ടിയെങ്കിലും ജയറാം അത് തുറന്നുപറഞ്ഞു.
'പാർവതി വല്ലപ്പോഴും മുറുക്കും. എന്നും ചെയ്യില്ല. വല്ലപ്പോഴും എന്നോട് ചോദിക്കും ഒന്ന് മുറുക്കിക്കോട്ടെ എന്നൊക്കെ. കല്യാണത്തിന് പോകുമ്പോഴൊക്കെയാണ് ചോദിക്കാറുള്ളത്. ഞാൻ പറയും അത് വേണ്ട വൃത്തികേടാണ് എന്ന്. പക്ഷേ, വല്ലപ്പോഴുമല്ലേ ഉള്ളു എന്ന് പറയുമ്പോൾ ഞാനത് സമ്മതിക്കും. അങ്ങനെ ചെയ്യാറുണ്ട്. വർഷത്തിൽ അഞ്ചോ ആറോ തവണയൊക്കെ മുറുക്കാറുണ്ട്. അപ്പോൾ ഞാൻ മക്കളോട് പറയും ഇതൊന്നും നിങ്ങൾ കണ്ട് പഠിക്കരുത്, വൃത്തികെട്ട ശീലമാണ് എന്ന് ' - ജയറാം പറഞ്ഞു.
ഈ വീഡിയോയ്‌ക്ക് താഴെ പല തരത്തിലുള്ള കമന്റുകളാണ് വന്നിരിക്കുന്നത്. 'ഈ ശീലം തുറന്ന് പറയാൻ മനസ് കാണിച്ചല്ലോ', 'കേൾക്കുമ്പോൾ ജയറാമിന്റെ മധുചന്ദ്രലേഖ സിനിമ ഓർമവരുന്നു' എന്നൊക്കെയാണ് കൂടുതൽ കമന്റും.