സൈഡ് കൊടുക്കാത്ത കാറുകാരനെ ബൈക്ക് യാത്രികൻ മ‌‌ർദ്ദിച്ചു, പിന്നാലെ യുവാവിന്റെ പ്രതികാരം; വീഡിയോ

Tuesday 15 July 2025 4:00 PM IST

ചണ്ഡിഗഢ്: കാർ ബൈക്കിൽ തട്ടിയതിനെ തുടർന്ന് ബൈക്ക് യാത്രികനും കാർ ഡ്രൈവറും തമ്മിൽ പൊരിഞ്ഞയടി. പോക്കറ്റ് റോഡിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് എതിർവശത്തു നിന്ന് വന്ന ബൈക്കിൽ കാർ തട്ടുന്നത്. ഹരിയാനയിലാണ് സംഭവം.

അപകടം ഉണ്ടായതിനെ തുടർന്ന് ബൈക്ക് യാത്രികൻ ഉടൻ തന്നെ കാറിനടുത്തേക്ക് പാഞ്ഞു. കാറുകാരനും ഡോർ തുറന്ന് പുറത്തിറങ്ങി. ആദ്യം ഇരുവരും തമ്മിൽ പൊരിഞ്ഞ തർക്കമായിരുന്നു ഉടലെടുത്തത്. രംഗം വഷളായതോടെ ബൈക്ക് യാത്രികൻ അക്രമാസക്തനാകുകയായിരുന്നു.

കാർ ഡ്രൈവ നിലത്ത് വീണതിനുശേഷവും ബൈക്ക് യാത്രികൻ ഇയാളെ ആക്രമിക്കുന്നത് തുടർന്നു. കുറച്ച് കഴിഞ്ഞപ്പോൾ മർദ്ദനമേറ്റ കാറുകാരൻ തന്റെ വാഹനത്തിനുള്ളിൽ കയറി വീണ്ടും ബൈക്കിനെ ലക്ഷ്യം വച്ച് മുന്നോട്ടെടുത്ത് തല്ലിയതിനുള്ള പ്രതികാരം ചെയ്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് തല്ലുണ്ടാക്കിയ യുവാക്കൾക്കെതിരെ രംഗത്തെത്തിയത്. ഹരിയാന എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീ‌ഡിയയിൽ വൈറലായത്.

ഇന്ത്യയിലെ റോഡുകളിൽ ഇത്തരം സംഭവങ്ങൾ സാധാരണമാണെന്ന് വീഡിയോയ്ക്ക് താഴെ പലരും അഭിപ്രായപ്പെട്ടു. കാറുകാരന് കഴിയുമെങ്കിൽ ബൈക്ക് കടന്നു പോകുന്നത് വരെ കാത്തിരിക്കാമായിരുന്നു. ഡ്രൈവർ അങ്ങനെ ചെയ്യാത്തതാണ് കാര്യങ്ങൾ സംഘർഷത്തിലേക്ക് നയിച്ചതെന്നും ഒരാൾ അഭിപ്രായപ്പെട്ടു.