ശ്രീചിത്രയിലെ അനീതി അവസാനിപ്പിക്കണം

Wednesday 16 July 2025 4:02 AM IST

ചികിത്സയ്ക്കൊപ്പം ഗവേഷണത്തിനും തുല്യപ്രാധാന്യം നൽകുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്. വാണിജ്യ താത്പര്യങ്ങളില്ലാതെ മികച്ച ചികിത്സ ലഭിക്കുന്നു എന്നതാണ് ഈ ചികിത്സാ കേന്ദ്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതുകൊണ്ടുതന്നെ പാവപ്പെട്ടവർക്കൊപ്പം സമ്പന്നരും മികച്ച ചികിത്സയ്ക്കായി ശ്രീചിത്രയെ ആശ്രയിക്കുന്നു. ദരിദ്ര വിഭാഗത്തിൽപ്പെടുന്ന എ.എ.വൈ റേഷൻ കാർഡുള്ളവരിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുണ്ടെങ്കിൽ അവർക്ക് പൂർണമായും സൗജന്യ ചികിത്സയാണ് ഇവിടെ ലഭിക്കുന്നത്. ഇവരെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്.

അതേസമയം,​ ശസ്‌ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വിദേശ നിർമ്മിത സാമഗ്രികൾക്ക് അവരും പണം നൽകണം. ഈ വിഭാഗത്തിൽ വരുന്ന രോഗിക്കു തന്നെ കേന്ദ്ര സർക്കാർ നൽകുന്ന ആയുഷ്‌മാൻ ഭാരത് കാർഡുണ്ടെങ്കിൽ അതിന്റെ പരമാവധി തുകയായ അഞ്ചുലക്ഷം രൂപയേ അനുവദിക്കൂ. ഇതോടെ എ കാറ്റഗറിയിലെ രോഗിക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകേണ്ട മറ്റ് സൗജന്യങ്ങൾ നിഷേധിക്കും. പാവപ്പെട്ടവന് ചികിത്സ ഉറപ്പാക്കാൻ പ്രതിവർഷം 200 കോടിയോളം രൂപ ഗ്രാന്റായി ലഭിക്കുന്ന ഈ സ്ഥാപനം പാവപ്പെട്ടവരിൽ നിന്ന് കൂടുതൽ പണം പിഴിഞ്ഞെടുക്കുന്ന സമീപനം നീതീകരിക്കാനാവുന്നതല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി,​ 'ആയുഷ്‌മാൻ ഭാരത് ഉണ്ടെങ്കിൽ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല" എന്ന തലക്കെട്ടിൽ കെ.എസ്. അരവിന്ദ് എഴുതിയ വാർത്ത ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

ഇടുക്കി സ്വദേശിയായ ഒരു രോഗി പാർക്കിൻസൺസ് രോഗത്തെ തുടർന്ന് ജനുവരിയിൽ ഇവിടെ ശസ്‌ത്രക്രിയയ്ക്ക് വിധേയനായിരുന്ന കാര്യം വാർത്തയിൽ പ്രത്യേകമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇയാൾക്ക് ആകെ ചികിത്സയ്ക്ക് ചെലവായത് 18 ലക്ഷം രൂപയാണ്. ആയുഷ്‌മാൻ ഭാരത് കാർഡുണ്ടായതിനാൽ അഞ്ച് ലക്ഷം കുറച്ചു നൽകി. ശേഷിച്ച 13 ലക്ഷത്തിൽ 10 ലക്ഷമാണ് വിദേശ നിർമ്മിത ഉപകരണങ്ങളുടെ വില. മൂന്നു ലക്ഷം രൂപ ആശുപത്രിയിലെ റൂമിനും മറ്റ് പരിശോധനയ്ക്കുമുള്ള ചാർജാണ്. എ കാറ്റഗറിയിലെ രോഗിക്ക് ഇത് സൗജന്യമായിരിക്കെ ആയുഷ്‌മാൻ ഭാരത് കാർഡ് ഉപയോഗിച്ചെന്ന കാരണം പറഞ്ഞ് 10 ലക്ഷത്തിനു പുറമെ മൂന്ന് ലക്ഷവും അടപ്പിച്ചു. പ്രതിസന്ധിയിലായ കുടുംബത്തിന് കടം വാങ്ങിയിട്ടും തുക പൂർണമായി അടയ്ക്കാനാവാത്തതിനാൽ സന്നദ്ധ സംഘടനകളും നാട്ടുകാരും പിരിവെടുത്താണ് പണമടച്ചത്. ഇത് ഒരു രോഗിയുടെ മാത്രം അവസ്ഥയല്ല. ഇതിൽ പലരും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ശ്രീചിത്രയുടെ ഭരണസമിതി അനുകൂലമായ ഒരു തീരുമാനവും എടുത്തിട്ടില്ല.

മുൻകാലങ്ങളിൽ ഇ.എസ്.ഐ, വിരമിച്ച പട്ടാളക്കാർക്ക് ചികിത്സയ്ക്കുള്ള പദ്ധതിയായ സി.ജി.എച്ച്.എസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഉള്ളവർക്ക് ഇവിടെ ചികിത്സ നൽകിയിരുന്നു. ഈ പദ്ധതികളിൽ നിന്ന് പണം കിട്ടാൻ താമസം എടുക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ഇത്തരം പദ്ധതികൾക്കു കീഴിൽ വരുന്ന രോഗികളെയും അവർ പരിഗണിക്കുന്നില്ല. എ കാറ്റഗറിയിലുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആനുകൂല്യം തികഞ്ഞില്ലെങ്കിൽ മാത്രം ആയുഷ്‌മാൻ കാർഡ് ഉപയോഗിച്ചാൽ ഈ പ്രശ്നം ഒരു പരിധിവരെയെങ്കിലും പരിഹരിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും എം.പിമാരും വിദഗ്ദ്ധരും മറ്റും അംഗങ്ങളായ ഭരണസമിതിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. പ്രതിവർഷം ലഭിക്കുന്ന ഗ്രാന്റിൽ നിന്ന് ഒരു തുക ഇതിനായി നീക്കിവയ്ക്കാനുള്ള ജീവകാരുണ്യപരമായ തീരുമാനം അവരിൽ നിന്ന് ഉണ്ടായാൽ സാധാരണക്കാരായ ഒട്ടേറെ രോഗികൾക്ക് അത് ആശ്വാസമാകും.