അഭിനയത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ രജനികാന്ത്
തമിഴ് സൂപ്പർതാരം രജനികാന്തിന്റെ ആദ്യചിത്രം അപൂർവരാഗങ്ങൾ പുറത്തിറങ്ങിയിട്ട് ആഗസ്റ്റ് 15ന് 50 വയസ് ആകും.
1975 ആഗസ്റ്റ് 15 നാണ് ബിഗ് സ്ക്രീനിൽ കെ. ബാലചന്ദറുടെ സംവിധാനത്തിൽ റെമാന്റിക് ഡ്രാമ ചിത്രം അപൂർവരാഗങ്ങൾ റിലീസ് ചെയ്തത്. 1974 ൽ ആണ് അപൂർവ രാഗങ്ങൾ ചിത്രീകരിച്ചതെങ്കിലും തിയേറ്ററുകളിൽ എത്തിയത് 1975 ൽ ആണ്. കമൽഹാസൻ നായകനായ ചിത്രത്തിൽ ശ്രീവിദ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുൻ ഭർത്താവിന്റെ ചെറിയ വേഷമായിരുന്നു രജനിക്ക്. ചെറിയ വേഷങ്ങളിൽനിന്ന് വളർന്ന് സൂപ്പർ, മെഗാസ്റ്റാർ പദവികൾ കടന്ന് സ്റ്റൈൽ മന്നൻ ഗ്ളോബൽ സ്റ്റാറായി. അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുവിളയാടുന്ന ഒരേയൊരു സൂപ്പർ സ്റ്റാർ.
രജനികാന്ത് എന്ന സൂപ്പർ സ്റ്റാർ അരനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ ഒരു കൗതുകം കാത്തുനിൽപ്പുണ്ട്. ആഗസ്റ്റ് 14ന് തിയേറ്ററുകളിൽ രജനികാന്ത് ചിത്രം കൂലി എത്തും. എല്ലാ അർത്ഥത്തിലും മാസ് ചിത്രമായ കൂലി ആരാധകർക്ക് സ്റ്റൈൽ മന്നൻ നൽകുന്ന സമ്മാനം കൂടിയാണ്.