അയൽകൂട്ടങ്ങൾക്ക് നൽകിയ വായ്പയിൽ, സർക്കാർ സബ്‌സിഡിയിൽ കുടിശിക
തൃശൂർ: അയൽക്കൂട്ടങ്ങൾക്ക് സഹകരണ ദേശസാൽകൃത ബാങ്കുകൾ വഴി നൽകിയ ലിങ്കേജ് വായ്പകളിൽ സർക്കാർ പ്രഖ്യാപിച്ച സബ് സിഡിയിൽ നാലു വർഷത്തെ കുടിശിക. ഏകദേശം 25 കോടിയോളം രൂപയാണ് സബ്‌സിഡി ഇനത്തിൽ അയൽക്കൂട്ടങ്ങൾക്ക് നൽകിയത്. 20,000 അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് ഇനി ലഭിക്കാനുള്ളത്. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാത്തത് മൂലമാണ് സബിസിഡി വിതരണം ചെയ്യാത്തത്. കുടുംബശ്രീ ജില്ലാ മിഷനുകൾ വഴിയാണ് സബ് സിഡി നൽകുന്നത്. 2021 വരെയുള്ള വായ്പകൾക്കാണ് ഇതുവരെ സബ് സിഡി നൽകിയത്. 8 മുതൽ 12 ശതമാനം വരെ പലിശ ബാങ്കുകൾ ഈടാക്കുമെങ്കിലും നാലു ശതമാനം പലിശയാണ് അംഗങ്ങളിൽനിന്ന് ഈടാക്കുന്നത്. ബാക്കി വരുന്ന പലിശ തുക ആദ്യം അയൽക്കൂട്ട അംഗങ്ങൾ അടക്കുമെങ്കിലും പിന്നീട് സർക്കാർ കുടുംബശ്രി മിഷൻ വഴി സബ്‌സിഡിയായി നൽകും. ഈ തുകയാണ് നിലവിൽ കുടിശികയായത്.
കൊവിഡ് കാലത്തും കുടിശിക
കൊവിഡ് കാലത്ത് പതിനായിരക്കണക്കിന് പേർക്ക് പലിശ രഹിത വായ്പകൾ നൽകിയതിലും സബ് സിഡി കുടിശിക നിലനിൽക്കുകയാണ്. പതിനായിരം രൂപ മുതൽ 20000 രൂപ വരെയാണ് പലിശ രഹിത വായ്പ നൽകിയത്. എന്നാൽ പലിശ അയൽക്കൂട്ട അംഗങ്ങൾ അടച്ചിരുന്നു. മൂന്നാം ഖഡുവാണ് ഇനി നൽകാനുള്ളത്.
നൽകിയത് 3500 അയൽക്കൂട്ടങ്ങൾ
കഴിഞ്ഞ സാമ്പത്തിക വർഷം സഹകരണ ബാങ്കുകൾ വഴിയും ദേശസാൽകൃത ബാങ്കുകൾ വഴിയും വായ്പ നൽകിയത് 3500 അയൽക്കൂട്ടങ്ങൾക്കാണ്. സഹകരണ ബാങ്കുകൾ വഴി പരമാവധി പത്ത് ലക്ഷം രൂപയും ദേശസാൽകൃത ബാങ്കുകൾ 20 ലക്ഷം രൂപയുമാണ് നൽകുന്നത്. ജില്ലയിൽ 26000ത്തിലേറെ അയൽക്കൂട്ടങ്ങളാണ് ഉള്ളത്. മൂന്നു വർഷം കൊണ്ട് അടച്ചു തീർക്കാവുന്ന തരത്തിലാണ് വായ്പ. അതേ സമയം വയ്പ കൊടുത്ത ശേഷം ചില അംഗങ്ങൾ തിരിച്ചടവ് മുടക്കിയതോടെ നാലോളം അയൽക്കൂട്ടങ്ങൾ നിയമ നടപടി നേരിടേണ്ട സാഹചര്യവും നിലനിൽക്കുന്നുണ്ട്.