ഈഴവ സമുദായത്തെ അവഗണിച്ച് കോൺഗ്രസ്, എ. ഐ.സി.സി നിർദ്ദേശത്തിനും പുല്ലുവില

Wednesday 16 July 2025 12:00 AM IST

തൃശൂർ: ഭൂരിപക്ഷവിഭാഗമായ ഈഴവ സമുദായത്തെ അവഗണിച്ചുള്ള പ്രവർത്തനമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന കാലങ്ങളായുളള പ്രതിഷേധത്തിന് പരിഹാരമായില്ല. പിന്നാക്ക സമുദായ താൽപര്യങ്ങൾക്കുവേണ്ടിയുളള ഒ.ബി.സി ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനത്തെ കൊല്ലം, പാലക്കാട് ഒഴികെയുള്ള ഡി.സി.സികൾ പ്രോത്സാഹിപ്പിക്കുന്നുമില്ല. എ.ഐ.സി.സി നിർദ്ദേശത്തിന് വിരുദ്ധമാണിതെന്നാണ് ആക്ഷേപം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടിന്റെ 42% ഈഴവരുടെതാണെന്ന് സർവ്വേയിലുണ്ടായിരുന്നു. കോൺഗ്രസിന്റെ പരമ്പരാഗത ഈഴവ വോട്ടുകളിൽ കുറവുണ്ടായതായി കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ. മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. അമ്പതിനായിരത്തിലേറെ പരമ്പരാഗത ഈഴവ വോട്ടുകൾ തിരിച്ചുപിടിക്കാനുളള നടപടി തൃശൂർ ഡി.സി.സിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും പരാതിയുണ്ട്.

തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകും

സംഘടനയിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും പിന്നാക്ക സമുദായങ്ങളെ വെട്ടിനിരത്തുന്ന സംസ്ഥാന നേതൃത്വത്തിന്റെ സമീപനം തുടർന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന എ.ഐ.സി.സി രഹസ്യസർവ്വേയിലും നടപടിയില്ല. ഈഴവരെ അവഗണിച്ച് യു.ഡി.എഫിന് അധികാരത്തിലെത്തുന്നത് ശ്രമകരമായിരിക്കുമെന്ന് രാഷ്ട്രീയകാര്യസമിതിയിൽ മുൻ കെ. പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ വ്യക്തമാക്കിയിരുന്നു. ജയസാദ്ധ്യത ഇല്ലാത്ത സീറ്റുകൾ നൽകി ഒതുക്കിയെന്ന പരാതിയുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 14 സീറ്റ് ഈഴവർക്ക് നൽകിയപ്പോൾ 35 സീറ്റ് എൽ.ഡി.എഫ് നൽകി. 99 സീറ്റോടെ അവർ തുടർഭരണം നേടി. ഈഴവരെ അവഗണിച്ചാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ ചൂണ്ടിക്കാട്ടിയിരുന്നു. ബി.ഡി.ജെ.എസ്- ബി.ജെ.പി ബന്ധം അർഹിക്കുന്ന ഗൗരവത്തോടെ കോൺഗ്രസ് എടുത്തിട്ടില്ലെന്നും സി.പി ജോൺ സൂചിപ്പിച്ചിരുന്നു. പിന്നാക്ക സമുദായങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചുവെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. തിരുകൊച്ചി മേഖലയിലെ 80 സീറ്റുകളിൽ നിർണായകമാണ്. അതിന്റെ ഭാഗമായാണ് തൃശൂരിൽ 12 സീറ്റ് കോൺഗ്രസിന് നഷ്ടപ്പെട്ടത്. സി. കേശവൻ, ആർ. ശങ്കർ എന്നീ മുൻ മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത ഈഴവ സമുദായം കോൺഗ്രസിന്റെ മുഖ്യധാരയിൽ ഇല്ലെന്നതിലും പ്രതിഷേധമുണ്ട്.

താരിഖ് അൻവറിന്റെ ചർച്ചയും പാഴായി

വ്യാപകപരാതികൾ ഉണ്ടായതിനെ തുടർന്ന് 2021 ഫെബ്രുവരി മൂന്നിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ ചർച്ചയുടെ ഫലമായി സംഘടന തലത്തിലും സ്ഥാനാർത്ഥിനിർണ്ണയത്തിലും പിന്നാക്ക പ്രാതിനിധ്യം പാലിക്കുമെന്ന ഉറപ്പും പാലിച്ചില്ല. 2021ലെ പരാതികൾ ഇന്നുമുണ്ട്. ചില ഈഴവരായ മണ്ഡലം പ്രസിഡന്റുമാരെ അകാരണമായി മാറ്റിയതിലും പ്രതിഷേധമുണ്ട്. കെ.പി വിശ്വനാഥൻ, വി.എം സുധീരൻ , സിദ്ധാർത്ഥൻ കാട്ടുങ്ങൽ, രാഘവൻ പുഴക്കടവിൽ തുടങ്ങിയവർ തൃശൂരിൽ നിന്നുള്ള എം.എൽ.എ മാരായിരുന്നു. കെ.കരുണാകരന്റെ കാലത്ത് ജില്ലയിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ സാമുദായിക സമവാക്യം പാലിച്ചിരുന്നു. ലീഡറുടെ സോഷ്യൽ എൻജിനീയറിംഗ് പിന്തുടർന്നാൽ ജില്ലയിൽ 11 സീറ്റിൽ വിജയിക്കാമെന്നാണ് വിലയിരുത്തൽ.

40% ഈഴവജനവിഭാഗങ്ങളുളള മണ്ഡലങ്ങൾ

തൃശൂർ , പുതുക്കാട്, ഒല്ലൂർ, നാട്ടിക, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കുന്നംകുളം