കിളിമാനൂരുകാർക്ക് ഓണമുണ്ണാൻ വീട്ടുവളപ്പിലെ പച്ചക്കറി
കിളിമാനൂർ: വിലവർദ്ധനയിൽ പേടിക്കാതെ, സമൃദ്ധമായി ഓണമുണ്ണാനുള്ള തയ്യാറെടുപ്പിലാണ് കിളിമാനൂരുകാർ. കിളിമാനൂർ ബ്ലോക്കിൽ അൻപത് ഹെക്ടറോളം സ്ഥലത്ത് വിഷരഹിത പച്ചക്കറിക്കൃഷി പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്.
മൂന്ന് മാസത്തിനുള്ളിൽ ഫലം ലഭിക്കുന്ന വിത്തിനങ്ങളാണ് നട്ടിരിക്കുന്നത്.സ്വന്തം ആവശ്യത്തിനായി വീട്ടിൽ കൃഷി ആരംഭിച്ചവരാണ് പദ്ധതിയിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും.ബാക്കി വരുന്നത് ഓണവിപണിയിലും എത്തിക്കും. കൃഷിഭവൻ കേന്ദ്രീകരിച്ചുള്ള ഓണച്ചന്തകളിലും മറ്റ് മാർക്കറ്റുകളിലുമാണ് പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വില്പനയ്ക്കെത്തിക്കുക.
പുളിമാത്ത്,പഴയകുന്നുമ്മൽ,കിളിമാനൂർ,നഗരൂർ,മടവൂർ,പള്ളിക്കൽ,നാവായിക്കുളം,കരവാരം പഞ്ചായത്തുകളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്.പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക,സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്ത് പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്നത്. വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
കൃഷി ചെയ്യുന്നത്
പയർ
വെണ്ട
പാവൽ
മുളക്
തക്കാളി
വഴുതന
പടവലം
വെള്ളരി
ചേന
ചേമ്പ്
കാച്ചിൽ
വിത്ത് സൗജന്യം
അത്യുത്പാദനശേഷിയുള്ള വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം തൈകളും പതിനായിരത്തോളം വിത്തുകളും ഓണക്കൃഷിക്കായി നൽകി. കൃഷിഭവനുകൾ വഴി സൗജന്യമായാണ് കർഷകർക്ക് വിത്തുകളും തൈകളും നൽകുന്നത്.
ഓഗസ്റ്റിൽ വിളവെടുക്കാം
വീട്ടുവളപ്പിലെ കൃഷി,പുരയിട കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.ഓഗസ്റ്റിലേക്ക് വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്.