ബി.ജെ.പി നേതാവിന്റെ പാദപൂജ : കെ.എസ്.യു മാർച്ചിൽ സംഘർഷം
ചാരുംമൂട് : ബി.ജെ.പി നേതാവിന്റെ പാദപൂജ നടത്തിയ വിവാദ സംഭവത്തിൽ പ്രതിഷേധിച്ച് നൂറനാട് ഇടപ്പോൺ വിവേകാനന്ദ വിദ്യാപീഠം സ്കൂളിലേക്ക് കെ.എസ്.യു മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. അരമണിക്കൂറോളം പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇന്നലെ രാവിലെ 11 മണിയോടെ ഇടപ്പോൺ ജംഗ്ഷനിൽ നിന്ന് വനിതാ പ്രവർത്തകരടക്കം പങ്കെടുത്ത മാർച്ച് സ്കൂളിന് സമീപം ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സേവ്യർ അലോഷ്യസ് മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. ബാരിക്കേഡിന്റെ വശത്തുള്ള മതിൽ കടന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് മുന്നോട്ട് പോകാൻ ശ്രമിച്ചത് തടഞ്ഞതോടെ പ്രവർത്തകരെത്തി പൊലീസ് വലയം ഭേതിക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ തള്ളി മാറ്റി.ഇതോടെ പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും തുടർന്നപ്പോൾ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. പിന്നീട് പ്രവർത്തകർ മാവേലിക്കര - പന്തളം റോഡിൽ കുത്തിയിരുന്നു. ഗതാഗത തടസ്സമുണ്ടായതോടെ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, നേതാക്കളായ റിയാസ് പത്തിശ്ശേരിൽ, ഷാൻ ചാരുംമൂട്, രോഹിത് പാറ്റൂർ, സുഹൈൽ വള്ളികുന്നം, മീനു സജീവ്, അഡ്വ. മുത്താര രാജ്, അൻസിൽ, റമീസ് ചാരുംമൂട് തുടങ്ങിയവർ നേതൃത്വം നൽകി.