ടോയ്‌ലെറ്റില്‍ ഇരുന്ന് കോടതി നടപടിയില്‍ പങ്കെടുത്തു; ശിക്ഷ വിധിച്ച് ഹൈക്കോടതി

Tuesday 15 July 2025 10:13 PM IST

അഹമ്മദാബാദ്: വീഡിയോ കോണ്‍ഫറന്‍സ് വഴി ടോയ്‌ലെറ്റില്‍ ഇരുന്ന് കോടതി നടപടികളില്‍ പങ്കെടുത്തയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒരു ലക്ഷം രൂപയുടെ പിഴയാണ് ഗുജറാത്തി ഹൈക്കോടതി വിധിച്ച പിഴ. ജസ്റ്റിസ് എ.എസ് സുപേഹിയ, ജസ്റ്റിസ് ആര്‍.ടി വഛാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ജൂണ്‍ 20 ന് ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ കോടതിയിലെ നടപടിക്രമങ്ങളില്‍ പങ്കെടുത്ത യുവാവ് ടോയ്ലറ്റ് സീറ്റില്‍ ഇരിക്കുന്നത് കണ്ടതായും ബെഞ്ച് വ്യക്തമാക്കി.

കോടതി നടപടികളില്‍ ഇത്തരത്തില്‍ ഇയാള്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ സൂറത്ത് സ്വദേശിയോട് അടുത്ത വാദം കേള്‍ക്കലിന് മുമ്പ് ഒരു ലക്ഷം രൂപ കെട്ടിവെക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സൂം മീറ്റിങ്ങില്‍ സമദ് ബാറ്ററി എന്ന പേരില്‍ ലോഗ് ചെയ്താണ് ടോയ്‌ലെറ്റില്‍ ഇരുന്ന് നടപടിക്രമങ്ങളില്‍ പങ്കെടുത്തത്.

ബ്ലൂടൂത്ത് സ്പീക്കര്‍ ചെവിയില്‍ വെച്ച് ടോയ്‌ലെറ്റിലെത്തുന്ന ഇയാള്‍ സൗകര്യപ്രദമായ രീതിയില്‍ ഫോണ്‍ ക്യാമറ വൈഡ് ആംഗിളില്‍ വെച്ചുകൊണ്ടാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. ചെക്ക് മടങ്ങിയ കേസില്‍ പരാതിക്കാരനായ സമദ് കേസിനാധാരമായ എഫ്.ഐ.ആര്‍ തള്ളണമെന്ന എതിര്‍കക്ഷിയുടെ അപേക്ഷയിലാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. കോടതി നടപടികള്‍ നടക്കുമ്പോള്‍ പുലര്‍ത്തേണ്ട യാതൊരു മര്യാദയും കാണിക്കാതെയാണ് യുവാവ് തന്റെ പ്രവര്‍ത്തി തുടര്‍ന്നത്.