ലിവിംഗ് വിൽ സഹായ കേന്ദ്രം തുറക്കാനൊരുങ്ങി ആലപ്പുഴ
ആലപ്പുഴ: സുഖപ്പെടാത്ത രോഗവുമായി ജീവൻ നിലനിറുത്തുന്നവർക്ക് അന്തസോടെ മരിക്കാനുള്ള അവസരം നൽകുന്ന ലിവിംഗ് വില്ലിന് അന്വേഷകർ കൂടുന്നു. മുതിർന്ന പൗരന്മാരുടെ സംഘടനകൾ, പെൻഷൻ സംഘടനകൾ എന്നിവരാണ് അന്വേഷകരായി എത്തുന്നത്. ഇതോടെ
ജില്ലയിൽ ലിവിംഗ് വിൽ കൗണ്ടർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പലർക്കും ലിവിംഗ് വിൽ അവകാശത്തെപറ്റി അറിയില്ലാത്തതിനാൽ ഈ മാസം അവസാനത്തോടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
തുടർന്ന്, ആരോഗ്യ വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിന് അനുസരിച്ച് കൗണ്ടർ ആരംഭിക്കും. പ്രൈമറി, സെക്കൻഡറി മെഡിക്കൽ ബോർഡ് രൂപീകരിക്കും. തുടർന്ന് പാലിയേറ്റീവ് കെയർ വിഭാഗവുമായി ചേർന്ന് കൂടുതൽ ബോധവത്ക്കരണങ്ങൾ, സെമിനാറുകൾ, കൗൺസലിംഗ് തുടങ്ങിയവയും ഒരുക്കും. കഴിഞ്ഞ നവംബറിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്.
നിയമപരം, തർക്കങ്ങൾ ഒഴിവാകും
1. 2018ലെ സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് ലിവിംഗ് വില്ലിൽ നടപ്പാക്കുന്നത്. പ്രത്യേക അപേക്ഷാ ഫോമുണ്ട്. കുടുംബാംഗത്തിന്റെയും സാക്ഷിയുടെയും ഒപ്പുവേണം. വ്യക്തിയെ നിർബന്ധപൂർവം ചെയ്യിക്കുന്നതല്ലെന്ന് ഉറപ്പാക്കുന്നതിന് ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ ഒപ്പും സാക്ഷ്യപത്രവും വേണം
2. പത്രത്തിന്റെ ഒരു പകർപ്പ് വീട്ടില് സൂക്ഷിക്കുന്നതോടൊപ്പം ഒരു പകർപ്പ് പഞ്ചായത്തിലേക്ക് രജിസ്ട്രേഡായും നല്കണം. രക്ഷപ്പെടില്ലെന്ന് ഉറപ്പായിട്ടും വെന്റിലേറ്റർ, സി.പി.ആർ തുടങ്ങിയവയുടെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഘട്ടത്തിൽ വ്യക്തിയുടെ മക്കൾക്കോ മറ്റ് അടുത്ത ബന്ധുക്കൾക്കോ ഈ പത്രം ആശുപത്രിക്ക് സർപ്പിക്കാം
3. 48 മണിക്കൂറിലെ ആരോഗ്യസ്ഥിതി പ്രൈമറി മെഡിക്കൽ ബോർഡ് വിലയിരുത്തും. ഇത് ഡി.എം.ഒ അംഗീകരിച്ച് മൂന്നംഗ സെക്കൻഡറി മെഡിക്കൽ ബോർഡ് പരിശോധിക്കും. തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കുന്നതോടെയാകും അന്തിമ തീരുമാനം
4. ഒരിക്കൻ എഴുതിവച്ചാൽ ഏതെങ്കിലും ഘട്ടത്തിൽ മാറ്റം വരുത്തുന്നതിനോ,പിൻവലിക്കുന്നതിനോ തടസമില്ല. 18വയസ് കഴിഞ്ഞ ആർക്കും തയ്യാറാക്കാം.നിയമപരമായതിനാൽ മക്കളുടെയോ മറ്റ് ബന്ധുക്കളുടെയോ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാം
ലിവിംഗ് വിൽ കൗണ്ടർ നൽകുന്നതിനായി അന്വേഷകർ കൂടുതലായി എത്തുന്നുണ്ട്. ജില്ലയിൽ കൗണ്ടർ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്
ഡോ. ബി. പദ്മകുമാർ, പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ് ആലപ്പുഴ