വാതിൽ തുറന്നിട്ട് സർവീസ്,​ ആറ് ബസുകൾ പിടിയിൽ

Wednesday 16 July 2025 1:20 AM IST

ആലപ്പുഴ: യാത്രയ്ക്കിടെ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ സംഭവത്തെ തുടർന്ന് നഗരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. യൂണിഫോമിലല്ലാതെ യാത്രക്കാരുടെ വേഷത്തിലെത്തിയ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പരിശോധനയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഡോർ തുറന്നിട്ട് യാത്ര നടത്തിയ ആറുബസുകൾ പിടികൂടി. വിദ്യാർത്ഥിനി റോഡിൽ വീണ സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരായ രാംജി.കെ.കരൻ, വി.അനിൽകുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ബിജോയി, സജിം ഷാ ,ജോബിൻ മുതലായവർ പങ്കെടുത്തു. വാതിൽ തുറന്നിട്ട് ബസുകൾ സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വീഡിയോ പകർത്തി വാഹനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർക്ക് അയക്കണമെന്ന് ആലപ്പുഴ ആർ.ടി.ഒ അറിയിച്ചു.