ശുഭാംശുവിന് കാതോർത്ത് ഭാരതം

Wednesday 16 July 2025 12:58 AM IST

തിരുവനന്തപുരം: 140കോടി ജനങ്ങൾക്കുവേണ്ടി ബഹിരാകാശത്ത് പോയ ഗഗനചാരി ശുഭാംശു ശുക്ളയുടെ വാക്കുകൾക്ക് കാതോർക്കുകയാണ് ഭാരതം. തേരുപോലെ ആകാശത്ത് കൂടി പാഞ്ഞുപോകുന്ന ബഹിരാകാശ നിലയം ഭൂമിയിലുള്ളവർക്ക് മായകാഴ്ച മാത്രമാണ്. അവിടെ 18 ദിവസം തങ്ങിയ ശുഭാംശുവിൽ നിന്ന് ആബാലവൃദ്ധം ജനങ്ങൾക്കും ഭരണാധികാരികൾക്കും ശാസ്ത്രജ്ഞർക്കും കേൾക്കാനേറെയുണ്ട്.

ബഹിരാകാശത്ത് 230 സൂര്യാസ്തമയങ്ങൾ കണ്ടാണ് ശുഭാംശു മടങ്ങിവരുന്നത്. ഭൂമിയെ തലങ്ങും വിലങ്ങും ചുറ്റി കണ്ടു. 230 തവണയാണ് സംഘം ഭൂമിയെ വലംവെച്ചതെന്ന് ആക്സിയം സ്‌പേസ് പറയുന്നു.60 ലക്ഷം മൈൽ അതായത് 96.5 ലക്ഷം കിലോമീറ്റർ ദൂരമാണ് സംഘം ഇതുവരെ സഞ്ചരിച്ചത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം നാലു ലക്ഷം കിലോമീറ്ററാണ്. ചന്ദ്രനിലേക്ക് 12തവണ പോകാനും വരാനുമുള്ള ദൂരമാണ് ശുഭാംശു സഞ്ചരിച്ചത്.

കാലിഫോർണിയയ്ക്ക് അടുത്തുള്ള സാൻഡിയാഗോ കടലിൽ വന്നിറങ്ങിയ ശുഭാംശു ഭൂമിയുമായി പൊരുത്തപ്പെടാനുള്ള പരിശീലനത്തിലാണ്. അത് പൂർത്തിയാക്കിയശേഷം ഭാരതത്തിലേക്ക് മടങ്ങും.

സ്പെയ്സ് സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഐ.എസ്.ആർ.ഒ.ചെയർമാനുമായും പിന്നീട് ഭാരതത്തിലെ വിദ്യാർത്ഥികളുമായും ശുഭാംശു സംസാരിച്ചിരുന്നു.അന്ന് പങ്കുവച്ചതിൽ ഇനി പറയാനുമുള്ളത്. ബഹിരാകാശത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും കൗതുകം ജനിപ്പിക്കുന്നുണ്ട്.

എങ്ങനെ വെള്ളം കുടിച്ചു ,ഉറങ്ങി,നടന്നു,പ്രഭാതകൃത്യങ്ങൾ ചെയ്തു,അവിടുത്തെ രാപകലുകൾ തുടങ്ങി നിരവധി കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് ഇനി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഐ.എസ്.ആർ.ഒയ്ക്കും ബഹിരാകാശത്ത് വിത്തുകൾ മുളയ്ക്കുമോ,മുളച്ചാൽ എന്തുണ്ടാകുമെന്ന് ശാസ്ത്രജ്ഞർക്കും അവിടെ പോയാൽ അസ്ഥി ദ്രവിക്കുമോ എന്ന് ചികിത്സകർക്കും കമ്പ്യൂട്ടറിന് എന്ത് സംഭവിക്കുമെന്ന് ഐ.ടി.വിദഗ്ധർക്കും അറിയണം. 1984ൽ രാകേഷ് ശർമ്മയാണ് ആദ്യമായി ബഹിരാകാശത്തു പോയ ഇന്ത്യക്കാരൻ.