ഉദ്ഘാടനത്തിലൊതുങ്ങി ആറ്റിങ്ങൽ സ്ലാട്ടർ ഹൗസ് നവീകരണം

Wednesday 16 July 2025 4:12 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ സ്ലാട്ടർ ഹൗസ് നവീകരണപ്രവർത്തനങ്ങൾ ഉദ്ഘാടനത്തിലൊതുങ്ങി.

കച്ചേരി ജംഗ്ഷനു സമീപം മാർക്കറ്റിനുള്ളിലെ പഴയ സ്ലാട്ടർ ഹൗസിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 3ന് മന്ത്രി എം.ബി.രാജേഷ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും തുടർപ്രവർത്തനം നടന്നില്ല.

അത്യാധുനിക യന്ത്രസാമഗ്രഹികൾ ഉൾപ്പെടുത്തിയുള്ള സ്ലാട്ടർ ഹൗസ് നവീകരണമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പരിസരം നിലവിൽ കാടുകയറിയ നിലയിലാണ്. കശാപ്പ് മുതൽ പായ്ക്കിംഗ് വരെ പൂർണമായും യന്ത്രവത്കൃതമായതിനാൽ സ്ലാട്ടർ ഹൗസിൽ പൂർണ ശുചിത്വം ഉറപ്പാക്കാൻ കഴിയുമായിരുന്നു.

ഡോക്ടറുടെ സേവനം മുഴുവൻ സമയവും ലഭിക്കുന്നതിനാൽ കശാപ്പിന് കൊണ്ടുവരുന്ന അറവുമാടുകളുടെ ഗുണനിലവാരം ഉറപ്പിക്കാനും,രോഗം വന്നതോ,ചത്തതോ ആയവയെ ഒഴിവാക്കാനും കഴിയുമായിരുന്നു. സമീപമേഖലയിൽ നിന്നുള്ള അറവുമാടുകളെ കശാപ്പ് ചെയ്യുന്നതുവഴി കൂടുതൽ വരുമാനവും നേടാനാം.എന്നാൽ വിവിധ കാരണങ്ങളാൽ നവീകരണം ഉദ്ഘാടനത്തിൽ മാത്രമൊതുക്കിയിരിക്കുകയാണ് അധികൃതർ. എത്രയും വേഗം നവീകരണം പുനഃരാരംഭിക്കണമെന്നാണ് മാർക്കറ്റിലെത്തുന്നവരുടെ ആവശ്യം.

നവീകരണത്തിനുള്ള ഫണ്ട് - 6.13 കോടി രൂപ (കിഫ്ബിയിൽ നിന്ന്)

പ്രഖ്യാപനം

നിർമ്മാണം പൂർത്തിയാകുമ്പോൾ മോഡേൺ മെക്കനൈസ്ഡ് സ്ലാട്ടർ ഹൗസായി മാറും

പ്രവർത്തനം

കശാപ്പിനുള്ള മൃഗത്തെ സ്ലാട്ടർ ഹൗസിന്റെ പ്രവേശന കവാടത്തിലൂടെ കയറ്റി ലോക്ക് ചെയ്യുക മാത്രമേ ജീവനക്കാർക്ക് ചെയ്യേണ്ടുള്ളൂ. കശാപ്പ് നടത്തുന്നതും,തോൽ ഉരിയുന്നതും,മാംസത്തിൽ നിന്ന് എല്ല് നീക്കം ചെയ്യുന്നതും,ഇറച്ചി മുറിച്ച് ചെറുകഷണങ്ങളാക്കി ഗുണമേന്മയുള്ള പായ്ക്കറ്റുകളിലാക്കുന്നതും യന്ത്രസഹായത്തോടെയാണ്. പായ്ക്കറ്റുകളിലാക്കിയ ഇറച്ചി ഔട്ട്ലെറ്റുകൾ വഴി ആവശ്യക്കാരിൽ എത്തിക്കും.

നടത്തിപ്പ് ചുമതല

10 വർഷത്തേക്ക് ഇംപാക്ട് കേരളയ്ക്കാണ് നടത്തിപ്പ് ചുമതല. പദ്ധതിയുടെ നിർവഹണത്തിന് തുക നൽകുന്നത് കിഫ്ബിയുടെ ലോണാണ്. ഔട്ട്ലെറ്റ് വഴിയുള്ള വില്പനയിൽ ലഭിക്കുന്ന തുകയാണ് തിരിച്ചടവിന് വിനിയോഗിക്കുന്നത്.

ആറ്റിങ്ങലിലെ സ്ലാട്ടർ ഹൗസ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണം.

അനിൽ ആറ്റിങ്ങൽ,സെക്രട്ടറി,

ആർ.എസ്.പി ആറ്റിങ്ങൽ നിയോജക മണ്ഡലം