ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിൽ തർക്കം, യുവാവിനെ കുത്തിക്കൊന്നു

Wednesday 18 September 2019 3:45 PM IST

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ലഹരി മാഫിയകൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റുമരിച്ചു. ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം വരാന്തയോട് ചേർന്നാണ് സംഭവം നടന്നത്. ആലുവ യു.സി. കോളേജ് വി.എച്ച്. കോളനി സതീശ് സദനം സുബ്രഹ്മണ്യന്റെ മകൻ ചിപ്പി (34) ആണ് കുത്തേറ്റ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ആലുവ ചൂണ്ടി കുറ്റിത്തേക്കാട്ടിൽ വിശാൽ (35), ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ അക്കാട്ട് കൃഷ്ണപ്രസാദ് (28) എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയതാണ് ഇവർ.

ഇവിടെ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തി മടങ്ങവെയാണ് മണികണ്ഠൻ മൂവരെയും ആക്രമിച്ചത്. ഇവർ തമ്മിൽ മുൻ വൈരാഗ്യം ഉള്ളതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എ.എസ്.പി. എം.ജെ സോജൻ, ഡി.വൈ.എസ്.പി. ജി. വേണു എന്നിവർ സ്ഥലത്തെത്തി. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.