വെള്ളറടയിലും പനച്ചമൂട്ടിലും ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആരോഗ്യവകുപ്പിന്റെ പരിശോധന

Wednesday 16 July 2025 1:39 AM IST

വെള്ളറട: വെള്ളറട പഞ്ചായത്തിലെ പനച്ചമൂട്,​ വെള്ളറട,​ ആനപ്പാറ ഭാഗങ്ങളിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങളും ഉപയോഗശൂന്യമായ എണ്ണയും നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. ചില സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.

പനച്ചമൂട്ടിലെ ടി.എം ട്രേഡേഴ്സിൽ നിന്നും 250 കിലോയോളം നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്ത് 35000 രൂപ പിഴ ചുമത്തി. ആനപ്പാറ ഉപ്പും മുളകും ഹോട്ടൽ,​ വെള്ളറട അമ്പാടി ബേക്കറി,​ വിൻ തട്ടുകട,​ പൊന്നമ്പിയിലെ അമ്മ ഹോട്ടൽ,​ആനപ്പാറ ചെറുമണ്ണൂർ ബ്രദേഴ്സ്,​ ആനപ്പാറയിലെ എസ്.എൽ.വി ചിക്കൻ സ്റ്റാൾ എന്നീ സ്ഥാപനങ്ങൾക്കും പിഴചുമത്തി. പഞ്ചായത്ത് സെക്രട്ടറി സുജിത്ത് കുമാർ,​ സൂപ്രണ്ട് പി.രഘു,​ ഹെൽത്ത് സൂപ്പർ വൈസർ വി.ഷാജി,​ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലേഖ​ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, ലൈസൻസില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ അന്തരീക്ഷത്തിലും സംരംഭങ്ങൾ നടത്തുന്നവർക്കെതിരെയും, മാലിന്യങ്ങൾ വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യുന്നവർക്കെതിരെയും, ജലാശയങ്ങളിലും ഓടകളിലേക്കും മലിനജലം ഒഴുക്കിവിടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.