സിനിമ ടിക്കറ്റുകളുടെ പരമാവധി നിരക്ക് 200 രൂപ; മള്‍ട്ടിപ്ലക്‌സുകള്‍ക്ക് അടക്കം ബാധകം
ബംഗളൂരു: സിനിമ ടിക്കറ്റുകളുടെ പരമാവധി നിരക്കിന് പരിധി ഏര്‍പ്പെടുത്തി വിജ്ഞാപനം പുറത്തിറക്കി. കര്‍ണാടകയില്‍ ഇനി മുതല്‍ സിനിമ ടിക്കറ്റിന് പരമാവധി ഈടാക്കാനാകുന്ന ഉയര്‍ന്ന തുക 200 രൂപ മാത്രമായിരിക്കും. മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ക്ക് അടക്കം പരിധി ബാധകമായിരിക്കും. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. ഈ വര്‍ഷം ആദ്യം സംസ്ഥാന ബജറ്റില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ക്കാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. 2014ലെ കര്‍ണാടക സിനിമ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. ബജറ്റില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് , കര്‍ണാകട ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ സ്വാഗതം ചെയ്തിരുന്നു. സംസ്ഥാനത്ത് തിയേറ്ററുകളില്‍ എത്തി സിനിമ കാണുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്.
സ്റ്റാന്‍ഡേര്‍ഡ് നിരക്കിലേക്ക് സിനിമ ടിക്കറ്റുകളുടെ വില ഏകോപിപ്പിക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം തന്നെ വന്‍കിട മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ഉടമകള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതും ഇത്തരമൊരു തീരുമാനമെടുക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിച്ചു.