ഓൺലൈൻ അധിക്ഷേപങ്ങൾ സാധാരണം, സമൂഹ മാദ്ധ്യമ ദുരുപയോഗം: ആശങ്ക അറിയിച്ച് സുപ്രീംകോടതി

Wednesday 16 July 2025 1:13 AM IST

ന്യൂഡൽഹി: സമൂഹ മാദ്ധ്യമ ദുരുപയോഗത്തിൽ ആശങ്ക രേഖപ്പെടുത്തിയ സുപ്രീംകോടതി, ഓൺലൈൻ അധിക്ഷേപങ്ങൾ സാധാരണമാകുകയാണെന്ന് നിരീക്ഷിച്ചു. നിയമവിദഗ്ദ്ധർ പോലും മോശം പരാമർശം നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ.എസ്.എസിനുമെതിരായ കാർട്ടൂൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ഇൻഡോറിലെ കാർട്ടൂണിസ്റ്റ് ഹേമന്ദ് മാളവ്യയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിക്കവെയാണ് നിരീക്ഷണം. രൂക്ഷമായ ഭാഷയിൽ കാർട്ടൂണിസ്റ്റിനെ കോടതി വിമർശിച്ചു. ആവിഷ്ക്കാര, അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗമാണിത്. ഇനി ഇത്തരത്തിലുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്‌താൽ മദ്ധ്യപ്രദേശ് സർക്കാരിന് നിയമപരമായി മുന്നോട്ടു പോകാമെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കോടതിയുടെ വിമർശനത്തെ തുട‌ർന്ന് പോസ്റ്റ് നീക്കം ചെയ്‌തിരുന്നു. തുട‌‌‌ർന്നാണ് ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചത്. കൊവിഡ് വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച കാർട്ടൂണിൽ മോദിയെയും, ആർ.എസ്.എസിനെയും അധിക്ഷേപിച്ചെന്നാണ് പരാതി. ആ‌ർ.എസ്.എസ് പ്രവർത്തകൻ വിനയ് ജോഷി നൽകിയ പരാതിയിലാണ് മദ്ധ്യപ്രദേശ് പൊലീസ് കേസെടുത്തത്.

 ജീവിക്കാനുള്ള അവകാശത്തിന് മേലെയല്ല

ആവിഷ്കാര സ്വാതന്ത്ര്യം ജീവിക്കാനുള്ള അവകാശത്തിന് മേലെയല്ലെന്ന് സുപ്രീംകോടതിയിലെ മറ്റൊരു ബെഞ്ച് നിരീക്ഷിച്ചു. യുട്യൂബ് ഷോയിൽ അംഗപരിമിതരെ പരിഹസിച്ചെന്ന് ആരോപണമുയർന്ന സമയ് റെയ്‌ന അടക്കം അഞ്ച് കൊമേഡിയന്മാർ ഇന്നലെ ഹാജരായപ്പോഴാണ് മുന്നറിയിപ്പ്. അടുത്ത തവണ കേസ് വിളിക്കുമ്പോഴും ഹാജരാകണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിൽ മാർഗരേഖ വരേണ്ടത് സംബന്ധിച്ച് തുറന്ന സംവാദം നടക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. സന്നദ്ധസംഘടന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

 യു.എ.പി.എ നിലനിൽക്കും

തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കാൻ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിച്ചാൽ യു.എ.പി.എ നിലനിൽക്കുമെന്ന് ഡൽഹി ഹൈക്കോടതി. ഡിജിറ്റൽ മാർഗങ്ങൾ മുഖേനയുള്ള പ്രചാരണം നിയമത്തിന്റെ പരിധിക്കകത്തു വരുമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെ‌ഞ്ച് പറഞ്ഞു. യു.എ.പി.എ കേസ് പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടാണ് നിലപാട്.