കാവഡ് യാത്ര : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് നോട്ടീസ്

Wednesday 16 July 2025 1:17 AM IST

ന്യൂഡൽഹി : കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലെ കടയുടമകളെ തിരിച്ചറിയാൻ ക്യൂആർ കോഡ് പ്രദർശിപ്പിക്കണമെന്ന നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി നോട്ടീസ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ജസ്റ്റിസ് എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെ‌ഞ്ച് ഉത്തരവിട്ടു. ജൂലായ് 22ന് വീണ്ടും പരിഗണിക്കും. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനാണ് നടപടിയെന്ന് ഇരു സംസ്ഥാന സർക്കാരുകളും പറയുന്നു. എന്നാൽ, പേര് പ്രദർശിപ്പിക്കുന്നതിലൂടെ ചില സമുദായങ്ങളെ ഒറ്റപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആക്‌ടിവിസ്റ്റ് അപൂർവാനന്ദ് ഝാ ഉൾപ്പെടെ സമർപ്പിച്ച ഹർജികളിൽ വാദിക്കുന്നു. ഈമാസം 23 വരെയാണ് ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി തുടങ്ങിയ തീർത്ഥാടക കേന്ദ്രങ്ങളിലേക്ക് ഭക്തസംഘങ്ങൾ വാഹനങ്ങളിലും കാൽനടയായും യാത്ര ചെയ്യുന്നത്.