ഉദ്ഘാടനം ചെയ്തിട്ട് 9 മാസം... കോടികൾ കാടുകയറി... ജില്ലാ വൃദ്ധസദനം അവഗണനയിൽ.. 

Wednesday 16 July 2025 1:32 AM IST
മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്ടിൽ നിർമിച്ച വൃദ്ധസദനം കാടുകയറിയ നിലയിൽ.

കോട്ടയം: . മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്ടിൽ കോടികൾ മുടക്കി നിർമ്മിച്ച ജില്ലാ വൃദ്ധസദനം അവഗണനയിൽ. 22 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിർമാണം പൂർത്തീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2024 ഒക്ടോബർ 28ന് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. മന്ത്രി ആർ.ബിന്ദുവാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഒൻപത് മാസമായിട്ടും പ്രവർത്തനം തുടങ്ങാത്തത് മൂലം കെട്ടിടത്തിന്റെ പരിസരം കാട് കയറി. സാമൂഹ്യനീതി വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വൃദ്ധസദനം പ്രവർത്തിക്കുന്നത്. നിലവിൽ കോട്ടയം തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന വ്യദ്ധ സദനത്തിൽ 26 അന്തേവാസികളാണുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

വിശാലമായ സൗകര്യം തിരുവഞ്ചൂരിലുള്ള അന്തേവാസികളെ കാരിക്കോട്ടിലെ ജില്ലാ വൃദ്ധസദനം തുറക്കുന്നതോടെ ഇങ്ങോട്ട് മാറ്റുമെന്ന് സാമൂഹിക നീതി വകുപ്പ് അറിയിച്ചിരുന്നു. കാരിക്കോട്ടിലെ ജില്ലാ വൃദ്ധസദനം ഇരുനിലകളിലുള്ളതാണ്. ഒരേസമയം 100 പേരേ ഇവിടെ പാർപ്പിക്കാനാകും. കെട്ടിടത്തിൽ അന്തേവാസികൾക്ക് വിശ്രമിക്കാനും ഒന്നിച്ചിരിക്കാനുമായി ഹാളുകളും വിശാലമായ മുറികളും ഉണ്ട്.

ഏഴ് വർഷത്തെ കാത്തിരിപ്പ്: വൃദ്ധസദനം നിർമിക്കാൻ 2003ൽ പഞ്ചായത്തംഗമായിരുന്ന നിലവിലെ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ മുൻകൈയെടുത്താണ് കാരിക്കോട് 35 സെന്റ് സ്ഥലം വാങ്ങിയത്. പദ്ധതി ആരംഭിക്കുമ്പോൾ ഒമ്പത് ലക്ഷത്തോളം രൂപയായിരുന്നു കെട്ടിടത്തിന്റെ നിർമാണ ചെലവായി കണക്കാക്കിയിരുന്നത്. ലക്ഷങ്ങൾ മുടക്കിയെങ്കിലും വൃദ്ധസദനത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. തുടർന്ന് 2017ൽ സ്ഥലവും കെട്ടിടവും പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിന് കൈമാറി. സാമൂഹ്യനീതി വകുപ്പ് ഏഴ് വർഷം കൊണ്ടാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്.