തേങ്ങാ വില ഉയർന്നപ്പോൾ കള്ളിന് പണികിട്ടി
കോട്ടയം: നാളികേരവില കുതിച്ച് ഉയർന്നതോടെ തെങ്ങു ചെത്താൻ കൊടുക്കുന്ന കർഷകരുടെ എണ്ണം കുറഞ്ഞു. ഇത് കള്ള് ക്ഷാമത്തിനും മായം കലർന്ന കള്ള് വർദ്ധിക്കുന്നതിനും ഇടയാക്കിയേക്കും. കള്ളുൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന തെങ്ങുകളെ മറ്റു രോഗങ്ങൾ കാര്യമായി ബാധിക്കാത്തതിനാൽ നന്നായി കായ് ഫലം ഉണ്ടാകാറുണ്ട്. അതേ സമയം കള്ള് തെങ്ങിന്റെ കുലയിൽ വീണാൽ തെങ്ങ് കേടാകും. നാളികേര വില കിലോയിക്ക് 80 രൂപക്കു മുകളിൽ കർഷകർക്ക് ലഭിക്കാൻ തുടങ്ങിയതോടെ കള്ള്ചെത്താൻ കൊടുക്കുന്നതിലും ലാഭം തേങ്ങയായി വിൽക്കുന്നതാണെന്നു മനസിലാക്കിയാണ് കള്ളുൽപ്പാദനത്തിൽ നിന്നു പിൻതിരിയാൻ കർഷകർ തയ്യാറാകുന്നത്.
കൊടുത്താൽ കർഷകർക്കു ലഭിക്കുന്നത് ഉത്പാദന ക്ഷമത അനുസരിച്ച് കുറഞ്ഞ പാട്ടമാണ്. തേങ്ങ വില വർദ്ധിച്ചിട്ടും പാട്ടം മുൻ കൂർ ആയതിനാൽ വർദ്ധിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനം കാരണം കള്ള് ഉത്പാദനത്തിൽ കുറവ് വന്നതോടെ പാട്ടതുക കുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു.. അതേ സമയം തേങ്ങ വില കുതിച്ചുയർന്നതോടെ ചെത്താൻ കൊടുക്കുന്നത് നിറുത്തുന്നവരുടെ എണ്ണവും കൂടി.
കള്ളിന് ക്ഷാമമായാൽ നേരത്തേ പാലക്കാട് നിന്നായിരുന്നു കള്ള് കൊണ്ടു വന്നിരുന്നത്. ചെത്തി മണിക്കൂറുകൾക്ക് ശേഷമെത്തിക്കുന്ന കള്ള് പെട്ടെന്ന് പുളിക്കുമെന്നതിനാൽ പാലക്കാടൻ കള്ളിന് ഡിമാൻഡ് കുറവും നാടൻ കള്ളിന് ഡിമാൻഡ് കൂടുതലുമായിരുന്നു. നല്ല ഉത്പാദനക്ഷമതയുള്ള തെങ്ങിൽ നിന്ന് രണ്ട് നേരം ചെത്താറുണ്ട്. പുലരി ,അന്തി എന്നിങ്ങനെ അറിയപ്പെടുന്ന നാടൻ കള്ളിന് ആവശ്യക്കാരും ഏറെയായിരുന്നു. ചെത്തു കുറയുന്നതോടെ കള്ളിന് ക്ഷാമമായേക്കും. തേങ്ങ വില കൂടിയ സാഹചര്യത്തിൽ പാലക്കാടൻ കള്ളിന്റെ അളവിലും കുറവുണ്ടാകും.
വിദേശ മദ്യ ഷോപ്പുകളും ബാറുകളും നാട്ടിൻപുറങ്ങളിൽ വരെ തുറന്നതോടെ കള്ളുവിൽപ്പന കുറഞ്ഞു. ഷാപ്പു നടത്തിപ്പ് നഷ്ടമായെന്നാണ് ഷാപ്പുടമകൾ പറയുന്നത്. ഡിമാൻഡ് കുറവായതോടെ ആവശ്യത്തിന് നാടൻ ചെത്തു കള്ള് കോട്ടയത്തും പരിസരത്തും ലഭിക്കുന്നുണ്ട്.
രത്നാകരൻ (ഷാപ്പുടമ)
കള്ള് ഉത്പാദനം കുറഞ്ഞ സാഹചര്യത്തിൽ മായം കലർന്ന തെങ്ങിൻകള്ള് എത്താൻ സാധ്യത ഉള്ളതി നാൽ ഗുണനിലവാര പരിശോധന എക്സൈസ്ക ർശനമാക്കണം.
എബി ഐപ്പ് ( ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അംഗം)