ട്രംപിനെതിരെ റഷ്യ; കടുപ്പിച്ച് യു.എസ്
മോസ്കോ: റഷ്യ - യുക്രെയിൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിന് മറുപടിയുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവ്. യു.എസ് പ്രസിഡന്റിന്റെ നീക്കങ്ങൾക്ക് പിന്നിലുള്ള കാരണം മനസിലാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും, ഏത് പുതിയ ശിക്ഷാ നടപടികളെയും നേരിടാൻ റഷ്യക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
ട്രംപിന്റെ 50 ദിവസത്തെ വെടിനിറുത്തൽ അന്ത്യശാസനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യു.എസ് പ്രസിഡന്റിനെ ഇതെല്ലാം ചെയ്യാൻ എന്താണ് പ്രേരിപ്പിക്കുന്നതെന്ന് മനസിലാക്കണമെന്ന് ലാവ്രോവ് പറഞ്ഞു. പുതിയ ഉപരോധങ്ങളെ തങ്ങൾ നേരിടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിശ്ചിത സമയത്തിനുള്ളിൽ യുക്രെയിനുമായി വെടിനിറുത്തലിന് സമ്മതിച്ചില്ലെങ്കിൽ സെക്കൻഡറി താരിഫുകൾ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെ ലാവ്രോവ് തള്ളിക്കളഞ്ഞു.
യുക്രെയിൻ യുദ്ധത്തിൽ പുട്ടിനോടുള്ള അതൃപ്തി വർദ്ധിച്ചുവരുന്നതായി സൂചിപ്പിക്കുന്ന നിരവധി പ്രതികരണങ്ങൾക്ക് ശേഷമാണ് ട്രംപ് താരിഫ് ഏർപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയത്.
അതിനിടെ പുട്ടിനെ വീണ്ടും വിമർശിച്ച് ട്രംപ് രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യയും പുട്ടിനും തെറ്റിദ്ധരിപ്പിച്ചത് നാല് തവണയാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ആരോപിച്ചു. റഷ്യക്കെതിരെ കൂടുതൽ ഉപരോധ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് ട്രംപിന്റെ ആരോപണം. യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തുടർന്നതോടെയാണ് ഉപരോധ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്നും ട്രംപ് വിവരിച്ചു. നാറ്റോ സൈനിക സഖ്യം കാലഹരണപ്പെട്ടിട്ടില്ലെന്നും മറിച്ചാണിപ്പോൾ തനിക്ക് തോന്നുന്നതെന്നും ട്രംപ് വ്യക്തമാക്കി.