'പതിവു രീതികളിൽ നിന്ന് മാറി സഞ്ചരിക്കും'; ആരാധകർക്ക് സർപ്രൈസുമായി വിനീത് ശ്രീനിവാസൻ
നടൻ ശ്രീനിവാസന്റെ മകൻ എന്ന ലേബലിൽനിന്ന് ഗായകൻ, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ സ്വന്തമായി ഒരു സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. 'വർഷങ്ങൾക്ക് ശേഷം' എന്ന വിനീത് ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് വിനീത്. പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും അടുത്തതെന്നാണ് താരം വ്യക്തമാക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
'2010 ൽ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വർഷം. ഒരുപാട് നല്ല ഓർമ്മകൾ, മറക്കാനാവാത്ത അനുഭവങ്ങൾ. സംവിധായകൻ എന്ന നിലയിൽ എന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇന്ന് വൈകുന്നേരം റിലീസ് ചെയ്യുകയാണ്. ഈ സിനിമ, എന്റെ പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണർ ത്രില്ലർ ആണ്. കൂടുതൽ അപ്ഡേറ്റ്സ് പിന്നാലെ. സ്നേഹപൂർവ്വം,വിനീത്'.