ലോകത്തിലെ ഏറ്റവും മുന്തിയ ഇനം വിസ്കി, സാധാരണയെക്കാൾ നൂറിരട്ടി കിക്കും രുചിയും, ആദ്യമായി വാറ്റിയത് ഇവരാണ്

Wednesday 16 July 2025 11:41 AM IST

ബാർലി, ഗോതമ്പ്, ചോളം തുടങ്ങിയ വിവിധ ധാന്യങ്ങളിൽ നിന്ന് നിർമ്മിച്ച് വാറ്റിയെടുക്കുന്ന മദ്യമാണ് വിസ്കി.ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ഉത്പാദനമുള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. ആഗോളതലത്തിൽ ഇന്ത്യയുടെ മദ്യ ഉത്പാദനത്തിന്റെ പ്രതിച്ഛായയാണ് വിസ്കിയിലൂടെ മാറ്റി മറിച്ചത്.

ഒരു കാലത്ത് കുറഞ്ഞ വിലയ്ക്ക് മൊളാസസ് അടിസ്ഥാനമാക്കിയുള്ള മിശ്രിതങ്ങൾക്ക് മാത്രം പേരുകേട്ടിരുന്ന രാജ്യം നിലവിൽ പ്രീമിയം സിംഗിൾ മാൾട്ട് വിസ്‌കികൾക്ക് അന്താരാഷ്ട്ര പ്രശംസ നേടുകയാണ്. അവയിൽ ചിലത് സ്കോട്ട്‌ലൻഡിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള മികച്ച വിസ്കികളുമായി മത്സരിച്ച് അവാർഡുകൾ നേടുകയും ചെയ്തിരുന്നു.

കൊളോണിയൽ ഭരണകാലത്താണ് ഇന്ത്യയിലേക്ക് ആദ്യമായി വിസ്കി കൊണ്ടുവന്നത്. ബ്രിട്ടനിൽ നിന്നുള്ള കുടിയേറ്റക്കാർക്കിടയിലാണ് ഇവ കൂടുതലും പ്രചാരത്തിലുണ്ടായിരുന്നത്. പലപ്പോഴും ധാന്യത്തിന് പകരം ശർക്കരപാനിയാണ് ഇതിന് ഉപയോഗിച്ചിരുന്നത്. അതായത്, അക്കാലത്തെ ആഗോള നിലവാരമനുസരിച്ച് അവ വിസ്കിയുടെ ഒരു വിഭാഗത്തിൽ പോലും ഉൾപ്പെട്ടിരുന്നില്ലെന്നു പറയാം.

എന്നാൽ 2000ത്തിന്റെ തുടക്കത്തിൽ അമൃത് ഡിസ്റ്റിലറിയിൽ നിന്നും ഇന്ത്യയിലെ ആദ്യത്തെ യഥാർത്ഥ സിംഗിൾ മാൾട്ട് പുറത്തിറക്കിയപ്പോൾ വിസ്കിയുടെ പുതിയൊരു യുഗത്തിനാണ് വഴിയൊരുക്കിയത്. ഗുണമേന്മയുള്ള സിംഗിൾമാൾട്ട് വിസ്ക്കിക്ക് പേരുകേട്ട ബ്രാൻഡാണ് അമൃത്. വിലയും നിലവാരവും കുറഞ്ഞതാണ് ഇന്ത്യൻ വിസ്കിയെന്ന പൊതു അഭിപ്രായം അമൃതിലൂടെ മാറ്റാൻ കഴിഞ്ഞു.

ഒരു ഡിസ്റ്റിലറിയിൽ 100ശതമാനം മാൾട്ട് ചെയ്ത ബാർലിയിൽ നിന്നാണ് സിംഗിൾ മാൾട്ട് വിസ്കി ഉത്പാദിപ്പിക്കുക. ബാർലി മുളപ്പിച്ച് ഉണക്കിയ ശേഷം പൊടിച്ചു കലക്കി പുളിപ്പിച്ച് വാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഓക്കു മരത്തിന്റെ വീപ്പയിലാക്കി വച്ച ശേഷം വർഷങ്ങളോളം കാത്തിരുന്ന് അവ രുചിച്ചാൽ സിംഗിൾ മാൾട്ട് വിസ്കിയുടെ യാഥാർത്ഥ പ്രീമിയം സ്വാദ് അനുഭവിച്ചറിയാം. പഴകുംതോറും വീര്യം കൂടുമെന്നാണല്ലാേ.

അമൃത് ഡിസ്റ്റിലറിയുടെ മുന്നേറ്റത്തെത്തുടർന്ന് മറ്റ് ഇന്ത്യൻ ഡിസ്റ്റിലറികളും സ്വന്തമായി സിംഗിൾ മാൾട്ടുകൾ നിർമ്മിക്കാൻ തുടങ്ങി. ഇന്ന് റാംപൂർ, പോൾ ജോൺ, കാമെറ്റ്, ഇന്ദ്രി തുടങ്ങിയ ബ്രാൻഡുകളും ഇന്ത്യൻ വിസ്കിയുടെ പുതിയ മുഖങ്ങളാണ്.

വിസ്കിയുടെ ചരിത്രം

ബിസി 7,000 മുതൽ ചൈനയിലാണ് ആളുകൾ പഴങ്ങൾ, അരി, തേൻ എന്നിവയിൽ നിന്ന് നിർമ്മിച്ച പാനീയങ്ങൾ പുളിപ്പിച്ച് മദ്യം ഉണ്ടാക്കിയിരുന്നത്. വിസ്കിയുടെ നിർമ്മാണത്തിലേക്ക് നയിച്ചത് ബിസി 2,000ത്തോടെ മെസപ്പൊട്ടോമിയയിലായിരുന്നു ആദ്യമായി വിസ്കി നിമ്മിച്ചിരുന്നുവെന്ന് പറയപ്പെടുന്നു, തുടക്കത്തിൽ സുഗന്ധദ്രവ്യങ്ങളായാണ് ഇത് ഉപയോഗിച്ചിരുന്നത്.

നൂറു വർഷങ്ങൾക്ക് മുമ്പ് സ്കോട്‌ലൻഡിലാണ് വിസ്കി ആദ്യമായി വാറ്റുന്നത്. രാജ്യത്തെ ചില മിഷണറിമാരാണെന്നാണ് പലരും സൂചിപ്പിക്കുന്നത്. ജെ മാർഷൽ റോബ് എഴുതിയ 'സ്കോച്ച് വിസ്കി' എന്ന പുസ്തകത്തിൽ 1494-ലെ സ്കോട്ടിഷ് എക്‌സ്‌ചെക്കർ റോളുകളിലാണ് വിസ്‌കിയെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശം.

സ്കോട്ട്ലൻഡിലും അയർലൻഡിലുമാണ് ആദ്യമായി വിസ്കി ഉത്പാദനം പുരോഗമിച്ചത്. 1608-ൽ സ്കോട്ട്ലൻഡിൽ ഓൾഡ് ബുഷ്മിൽസ് എന്ന പേരിൽ ആദ്യത്തെ ഡിസ്റ്റിലറി ആരംഭിച്ചതോടെ ഇരു രാജ്യങ്ങളിലും വിസ്കി ഉത്പാദനം മെച്ചപ്പെടുത്തുകയായിരുന്നു.

പിന്നീട് ഐറിഷ് കുടിയേറ്റക്കാർ അമേരിക്കയിൽ എത്തിയതോടെ വടക്കേ അമേരിക്കയിലും വിസ്കി ഉത്പാദനം ആരംഭിച്ചു. വ്യത്യസ്ത പ്രദേശങ്ങളിലുള്ളവർ തനതായ ശൈലികളും രുചികളും വികസിപ്പിച്ചെടുത്തതോടെ വിസ്കി ഉത്പാദനം ആഗോളതലത്തിലും വികസിക്കുകയായിരുന്നു