മടക്കയാത്രയ്ക്ക് മുൻപ് സുന്ദരക്കുട്ടപ്പൻമാരായി, ശുഭാംശുവും സംഘവും മുടി മുറിച്ചു; ആരുമറിയാത്ത ചില രഹസ്യങ്ങൾ

Wednesday 16 July 2025 12:05 PM IST

18 ദിവസത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസം പൂർത്തിയാക്കി ഇന്നലെ വൈകുന്നേരമാണ് ഇന്ത്യൻ ഗഗനചാരി ശുഭംശു ശുക്ലയും സംഘവും മടങ്ങിയെത്തിയത്. ഇന്ത്യക്കാരുടെ വർഷങ്ങളായുളള ബഹിരാകാശ സ്വപ്നങ്ങളാണ് ശുഭാംശുവിലൂടെ സാദ്ധ്യമായത്. അമേരിക്കയിലെ പസഫിക് സമുദ്രത്തിലേക്കാണ് ശുഭാംശുവിനേയും ആക്സിയം 4 ദൗത്യത്തിലെ സംഘത്തെയും വഹിച്ചുക്കൊണ്ടുളള ഗ്രേസ് ഡ്രാഗൺ പേടകം വന്നിറങ്ങിയത്. ഇവർക്ക് ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാനും ശാരീരിക ക്ഷമത വീണ്ടെടുക്കാനും നിരവധി പരിശീലനങ്ങൾ ആവശ്യമാണ്. അവ പൂർത്തിയാക്കിയ ശേഷമാകും ശുഭാംശുവും സംഘവും സ്വന്തം വീടുകളിലേക്ക് മടങ്ങുക.

ശുഭാംശുവുമായി സംവദിക്കാൻ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. എങ്ങനെയായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസം, ഭക്ഷണം കഴിക്കുന്നത് എങ്ങനെ, പ്രഭാതകർമങ്ങൾ നിറവേ​റ്റുന്നത് തുടങ്ങി ചെറുതും വലുതുമായ ഒരുപാട് ചോദ്യങ്ങളുടെ ഉത്തരത്തിനായി ഇന്ത്യക്കാർ കാത്തിരിക്കുകയാണ്. ഇതിനോടൊപ്പം തന്നെ ഗവേഷണരംഗത്തെ അനന്തസാദ്ധ്യതകളും ശുഭാംശുവിൽ നിന്ന് അറിയേണ്ടതുണ്ട്.

അതിനിടയിലാണ് ശുഭാംശുവും സംഘവും ഭൂമിയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് എടുത്ത ചില ചിത്രങ്ങളാണ് ചർച്ചയായിരിക്കുന്നത്. ബഹിരാകാശ യാത്രികയായ അയേഴ്സാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളോടൊപ്പം രസകരമായ കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. ശുഭാംശുവിനും സംഘത്തിനും ഭൂമിയിലേക്കുളള യാത്രയ്ക്ക് മുന്നോടിയായി മുടി മുറിച്ചുകൊടുക്കുന്നതാണ് ചിത്രങ്ങൾ. ഇതോടെ ബഹിരാകാശത്ത് മുടി മുറിച്ച ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കിയിരിക്കുകയാണ്.

യുഎസ് വ്യോമസേനയിലെ മേജറായ അയേഴ്സ് 122 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ആറ് മണിക്കൂർ അവർ ബഹിരാകാശത്ത് നടന്നിട്ടുണ്ട്. അവരുടെ എക്സ് പോസ്​റ്റ് ഇങ്ങനെയായിരുന്നു. 'യാത്രയ്ക്ക് മുന്നോടിയായി ഞാൻ ആക്സിയം 4 സംഘത്തിലുളളവർക്ക് മുടി മുറിച്ചുകൊടുത്തു. ഇത് അവർക്ക് നല്ലതായി തോന്നുന്നു. ഇതിനിടയിൽ ഞങ്ങൾ എല്ലാവരും തമാശകൾ പറഞ്ഞു. ഭൂമിയിൽ തിരിച്ചെത്തിയാലും ഞാൻ മുടി മുറിക്കുന്ന ബിസിനസ് നടത്തി ജീവിച്ചോളും എന്നാണ് അവർ പറഞ്ഞത്' -അയേഴ്സ് പോസ്​റ്റിൽ കുറിച്ചു.

ഈ പോസ്റ്റ് പുറത്തുവന്നതോടെ ബഹിരാകാശത്ത് എങ്ങനെ മുടി മുറിക്കുമെന്ന സംശയമാണ് മിക്കവരും ചോദിക്കുന്നത്. മുടിയിഴകൾ മുഴുവനും ബഹിരാകാശത്ത് പറന്നുനടക്കില്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം. ഈ പ്രശ്നം തടയാൻ വാക്വം അ​റ്റാച്ച്‌മെന്റുളള ക്ലിപ്പറുകൾ ഉപയോഗിച്ചാണ് ബഹിരാകാശ യാത്രികർ മുടി മുറിക്കുന്നത്. ഈ ഉപകരണത്തിന്റെ പ്രത്യേകതകൾ നോക്കാം. ഈ ഉപകരണത്തിന്റെ പ്രത്യേക ക്ലിപ്പറുകൾ മുടിയിഴകൾ പുറത്തുപോകാതെ വലിച്ചെടുക്കാൻ സഹായിക്കുന്നു. ഈ ഉപകരണത്തിന്റെ സഹായത്തോടെ ബഹിരാകാശയാത്രികന് സ്വയമോ അല്ലെങ്കിൽ മ​റ്റാരുടെയെങ്കിലും സഹായത്തോടെയോ മുടി മുറിക്കാവുന്നതാണ്.

ബഹിരാകാശനിലയങ്ങളിൽ താമസിക്കുന്നവർക്ക് ദിനചര്യകൾ പൂർത്തിയാക്കാൻ വെളളത്തിന്റെ ആവശ്യമില്ല. അവർ ചർമ്മം വൃത്തിയാക്കുന്നതിനായി നോ റിൻസ് വൈപ്പുകളും റിൻസ്‌ലെസ് ബോഡി വാഷും ഉപയോഗിക്കുന്നുണ്ട്. മുടിയിഴകൾ വൃത്തിയാക്കുന്നതിനായി നോ റിൻസ് ഷാംപൂ ഉപയോഗിക്കുന്നു. എന്നാൽ ഭൂമിയിലുളള ഒരു വ്യക്തി എങ്ങനെയാണോ പല്ല് തേയ്ക്കുന്നത് അതുപോലെയാണ് ബഹിരാകാശത്തുളളവരും ചെയ്യുന്നത്. കൂടാതെ എയർ സക്ഷൻ രീതിയുപയോഗിച്ചാണ് യാത്രികർ ടോയ്‌ലെ​റ്റ് ഉപയോഗിക്കുന്നത്. ചില അവസരങ്ങളിൽ ബഹിരാകാശ സഞ്ചാരികൾ സ്വന്തം മൂത്രം കുടിവെളളമായി പുനരുൽപ്പാദിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ യാത്രികർക്ക് ബഹിരാകാശത്തിലെ അവർ താമസിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാനും സാധിക്കും.

18 ദിവസത്തിനുള്ളിൽ നിരവധി പരീക്ഷണങ്ങളാണ് ശുഭാംശുവും സംഘവും നടത്തിയത്. ബഹിരാകാശ യാത്രികരിൽ ഉണ്ടാകുന്ന അസ്ഥിയുടേയും പേശികളുടേയും ബലക്ഷയത്തെ എങ്ങനെ നേരിടാം, ജീവന്റെ ഉത്ഭവത്തിന്റെ കാരണങ്ങൾ, ഗുരുത്വാകർഷണമില്ലാത്തപ്പോൾ കമ്പ്യൂട്ടർ സ്ക്രീനുകളുടെ പ്രവർത്തനം എങ്ങനെ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉലുവയും ചെറുപയറും മുളപ്പിച്ചെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു. ഇതിനായി ഉപയോഗിച്ച ആറ് വിത്തിനങ്ങൾ ശുഭാംശു ഭൂമിയിലേക്ക് തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്. സൂക്ഷ്മ ഗുരുത്വാകർഷണത്തിന് കീഴിലുള്ള പ്രതിരോധശേഷിയുള്ള ജീവികളെ പഠിക്കാനുള്ള പരീക്ഷണവും നടത്തി. മൈക്രോഗ്രാവിറ്റിയിൽ അസ്ഥികൾ എങ്ങനെ പ്രതികരിക്കുമെന്നതാണ് പരീക്ഷണങ്ങളിൽ പ്രധാനം. ബഹിരാകാശയാത്രികർ നേരിടുന്ന ഗുരുതര പ്രശ്നമാണിത്. അസ്ഥിപൊടിയുന്ന രോഗമായ ഓസ്റ്റിയോപോറോസിസിന് മികച്ച ചികിത്സയിലേക്ക് വഴിവയ്ക്കുന്നതാണ് പരീക്ഷണം.

ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഒരാൾക്ക് എത്ര അളവിൽ വികിരണമേൽക്കുമെന്നതിനെക്കുറിച്ചും സംഘം പഠിച്ചു. ഭാവിയിൽ ദീർഘകാല ബഹിരാകാശദൗത്യത്തിനു പോകുന്നവരെ വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ നിർമ്മിക്കാൻ ഇത് സഹായിക്കും. മൈക്രോഗ്രാവിറ്റിയിലെ പേശികളുടെ ക്ഷയത്തിന് കാരണമെന്താണെന്ന് തിരിച്ചറിയുകയും തെറാപ്പി അധിഷ്ഠിത തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് മറ്റൊന്ന്. ബഹിരാകാശയാത്രികർ പൂജ്യം ഗുരുത്വാകർഷണത്തിൽ സ്‌ക്രീനുകൾ ഉപയോഗിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന കൗതുകപരീക്ഷണവും നടത്തി.