കാറ്റടിച്ചാലും മഴ പെയ്താലും വെട്ടൂർ ഇരുട്ടിലാകും
വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കാറ്റടിച്ചാൽ കറണ്ട് പോകുമെന്ന പരാതി വ്യാപകം. ഇക്കഴിഞ്ഞ മാസം മിക്ക ദിവസങ്ങളിലും വൈകിട്ട് 7 മുതൽ കറന്റില്ലാതെ പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും ഇരുട്ടിലായിരുന്നു.
പ്രദേശങ്ങളിൽ കാറ്റടിച്ചാലും മഴ പെയ്താലും വൈദ്യുതി വിതരണം തകരാറിലാകും.കാറ്റും മഴയുമില്ലെങ്കിൽ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും എൽ.ടി മെയിന്റനസ്, മരങ്ങളുടെ ശിഖരം വെട്ടുന്നത് എന്നിവയ്ക്കായി വൈദ്യുതി വിതരണം പൂർണമായും നിലച്ചിരിക്കുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വൃദ്ധരും കുട്ടികളും രോഗികളുമുള്ള വീട്ടുകാരുടെ ജീവിതം തുടർച്ചയായി വൈദ്യുതി ബന്ധം നിലയ്ക്കുന്നതുമൂലം അതീവ ദുസഹവും അസ്വസ്ഥതയുമാണ് സൃഷ്ടിക്കുന്നത്. പരാതി പറയാൻ ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചാൽ അധികൃതർ ഫോൺ എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്. ശാശ്വത പ്രശ്നപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കാറ്റേ നീ വീശരുത് ഇപ്പോൾ
വിളബ്ഭാഗം,ഷാപ്പുമുക്ക്,ആശാൻമുക്ക്,പണയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ചെറുകാറ്റ് വീശിയാലും കറണ്ട് പോകുന്ന സ്ഥിതിയാണ്.
പ്രതിഷേധം ശക്തം
അടിക്കടിയുള്ള വൈദ്യുതി മുടക്കംമൂലമുണ്ടാകുന്ന ഭീമമായ നഷ്ടം വ്യാപാരികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. പല നിർമ്മാണ സെറ്റുകളിലായി നൂറുക്കണക്കിന് തൊഴിലാളികൾക്ക് പണിചെയ്യാൻ കഴിയാതെ മടങ്ങേണ്ടിവരുന്ന സാഹചര്യവുമുണ്ട്. റൈസ് ആൻഡ് ഫ്ലവർ മില്ലുകൾക്കും പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ധാന്യങ്ങളും മറ്റും പൊടിപ്പിക്കാൻ കഴിയാതെ നാട്ടുകാരും ബുദ്ധിമുട്ടുന്നു. മുന്നറിയിപ്പില്ലാതെ വൈദ്യുതി വിതരണം നിലയ്ക്കുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഒരേ മേഖലയിൽ
എന്തിനാണ് ടച്ചിംഗ് വർക്ക്
ലൈൻ കമ്പികളിൽ ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ മുറിക്കുന്നതിനായി വൈദ്യുതി കട്ട് ചെയ്യുന്നതെന്നാണ് മിക്കപ്പോഴും അധികൃതരിൽ നിന്ന് ലഭിക്കുന്ന മറുപടി. ടച്ചിംഗ് വർക്ക് വൈദ്യുതി വിതരണം മുടങ്ങാൻ കാരണമായി കെ.എസ്.ഇ.ബി അധികൃതർ ചൂണ്ടിക്കാട്ടുമ്പോൾ ദിനവും ഒരേ മേഖലയിൽ എന്തിനാണ് ടച്ചിംഗ് വർക്ക് എന്നാണ് നാട്ടുകാരുടെ ചോദ്യം.
ട്രാൻസ്ഫോർമർ വില്ലനോ
വലയന്റെകുഴി ഭാഗത്തെ ട്രാൻസ്ഫോർമറിൽ നിന്നാണ് വിളബ്ഭാഗം പ്രദേശത്തെ വീടുകളിൽ വൈദ്യുതിയെത്തുന്നത്. എന്നാൽ കാറ്റടിച്ചാലും മഴ പെയ്താലും നിരന്തരമായി വൈദ്യുതിബന്ധം തടസപ്പെടുന്നത് ഈ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്കാണ്. ജനപ്രതിനിധികൾ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും നാളിതുവരെ ട്രാൻസ്ഫോർമറിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്.
വോൾട്ടേജ് കാര്യക്ഷമമാക്കൽ,24 മണിക്കൂറും വൈദ്യുതി ലഭ്യത ഉറപ്പുവരുത്താൻ കഴിയണം. ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ പ്രദേശവാസികൾ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സമരം ചെയ്യും.
എസ്.പീതാംബരപണിക്കർ,എസ്.എൻ.ഡി.പി
യോഗം ശിവഗിരി യൂണിയൻ കമ്മിറ്റി അംഗം