ഭൂമിയുടെ തിളക്കം കണ്ട ശുഭാംശു

Thursday 17 July 2025 3:28 AM IST

ബഹിരാകാശത്തു നിന്നുള്ള ശുഭാംശുവിന്റെ മടങ്ങിവരവ് ഓരോ ഇന്ത്യക്കാരനും അഭിമാനം പകരുന്നതാണ്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അപാരമായ മേന്മ സംശയരഹിതമായി തെളിയിച്ച യാത്രകൂടിയായിരുന്നു അത്. ബഹിരാകാശ നിലയത്തിലെ പതിനെട്ട് ദിവസത്തെ വാസത്തിനുശേഷം 23 മണിക്കൂർ യാത്രചെയ്‌ത് സ്പേസ് എക്സ് ക്രൂ ഡ്രാഗൺ മൊഡ്യൂൾ പസഫിക് സമുദ്രം തൊട്ടപ്പോൾ ബഹിരാകാശം കീഴടക്കിയ ഇന്ത്യയുടെ രണ്ടാമത്തെ പുത്രന്റെ മടങ്ങിവരവ് കൂടിയായി അത്. കഴിഞ്ഞ മാസം 25-നാണ് ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്ന് ശുഭാംശു ശുക്ളയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രതിരിച്ചത്. ആക്‌സിയം 4 ദൗത്യാംഗങ്ങളായിരുന്നു ഇവർ.

ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഇവർ ഭൂമിയിൽ തിരിച്ചെത്തിയ നിമിഷത്തിന് ആനന്ദക്കണ്ണീരോടെയാണ് ശുഭാംശുവിന്റെ മാതാപിതാക്കളായ ശങ്കർദയാൽ ശുക്ളയും ആശാദേവിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സാക്ഷ്യംവഹിച്ചത്. ലക്‌നൗവിൽ ശുഭാംശു പഠിച്ചിരുന്ന സിറ്റി മോണ്ടിസോറി സ്‌കൂളിൽ ഐ.എസ്.ആർ.ഒ വലിയ സ്ക്രീൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇതിനായി ഒരുക്കിയിരുന്നു. ഏഴുദിവസത്തെ മെഡിക്കൽ നിരീക്ഷണത്തിനും വിശ്രമത്തിനുമായി ശുഭാംശു ടെക്സസിലെ ജോൺസൺ സ്പെയ്സ് സെന്ററിലാണ്. അടുത്ത മാസം പതിനേഴോടെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് അറിയിച്ചത്. ഐ.എസ്.ആർ.ഒയുടെ ഭാവി ബഹിരാകാശ പദ്ധതികൾക്ക് ഉതകുന്ന നിരവധി പരീക്ഷണങ്ങളും ശുഭാംശു ബഹിരാകാശത്ത് നടത്തുകയുണ്ടായി.

ഇതിനുമുമ്പ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്ര നടത്തിയത് 1984 ഏപ്രിൽ മൂന്നിനായിരുന്നു. സോവിയറ്റ് യൂണിയന്റെ സോയൂസ് ടി ll പേടകത്തിൽ സ‌്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മയാണ് രണ്ട് സോവിയറ്റ് സഹയാത്രികർക്കൊപ്പം സല്യൂട്ട് 7 എന്ന ബഹിരാകാശ നിലയത്തിലെത്തിയത്. അദ്ദേഹം എട്ടു ദിവസം ഭൂമിയെ വലംവച്ചു. എന്നാൽ ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യക്കാരൻ എന്ന ബഹുമതി ഇനി ശുഭാംശുവിനു മാത്രം അവകാശപ്പെടാനാവുന്നതാണ്. ആദ്യ ഇന്ത്യക്കാരൻ പോയി നാല് പതിറ്റാണ്ടു കഴിഞ്ഞാണ് മറ്റൊരു ഇന്ത്യക്കാരന് പോകാനായത്. രണ്ട് യാത്രകൾക്കും രണ്ട് വൻശക്തികളുടെ സഹായമുണ്ടായി എന്നത് എടുത്തുപറയേണ്ടതാണ്. ഇനി ഒരു ഇന്ത്യക്കാരൻ ഇന്ത്യയുടെ മണ്ണിൽ നിന്നുതന്നെ സ്വന്തം രാജ്യത്തിന്റെ റോക്കറ്റിൽ ബഹിരാകാശത്തേക്കു പോകാൻ അധിക വർഷങ്ങൾ വേണ്ടിവരില്ല എന്ന് പ്രതീക്ഷിക്കാം.

ബഹിരാകാശ രംഗത്തും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മറ്റുമുള്ള ദൗത്യങ്ങളുടെ കാര്യത്തിലും ഐ.എസ്.ആർ.ഒ പുലർത്തുന്ന മികവ് ലോകത്തിനു തന്നെ ബോദ്ധ്യമുള്ളതാണ്. ഏറ്റവും ചെലവ് കുറഞ്ഞതും അതേസമയം അങ്ങേയറ്റം വിജയകരവുമായ ദൗത്യങ്ങളാണ് ഇന്ത്യയുടേത് എന്നത് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണക്കൂടുതലിൽ നിന്നു തന്നെ മനസിലാക്കാവുന്നതാണ്. സമൂഹത്തിൽ ശാസ്‌ത്രാവബോധം വളർത്താനും പുതുതലമുറയെ ബഹിരാകാശ ഗവേഷണ രംഗങ്ങളിലേക്ക് ആകർഷിക്കാനും ശുഭാംശുവിന്റെ യാത്ര ഉപകരിക്കും. ബഹിരാകാശത്തുനിന്ന് നോക്കിയപ്പോൾ അതിരുകളില്ലാത്ത,​ പ്രത്യേക രാജ്യങ്ങളില്ലാത്ത,​ സംസ്ഥാനങ്ങളില്ലാത്ത,​ തിളങ്ങുന്ന ഭൂമിയാണ് താൻ കണ്ടതെന്ന് ശുഭാംശു പറഞ്ഞിരുന്നു. എന്നാൽ ഭൂമിയിലെത്തിയപ്പോൾ അതിരുകളുടെ പേരിൽ യുദ്ധം ചെയ്യുന്ന രാജ്യങ്ങളെയാണ് ശുഭാംശു കാണുന്നത് എന്നത് മാനവരാശിക്ക് ലജ്ജാകരമാണ്.