ഉമ്മൻചാണ്ടിയും പിന്നാക്ക വിഭാഗങ്ങളും
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖല ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഏതാനും സമുദായങ്ങളാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഇവിടങ്ങളിലെ അദ്ധ്യാപക- അനദ്ധ്യാപക നിയമനങ്ങളിൽ യാതൊരു പങ്കാളിത്തവുമില്ല. ആ നിയമനങ്ങളിൽ സംവരണവും വ്യവസ്ഥ ചെയ്തിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ചരിത്രത്തിൽ ആദ്യമായി എയ്ഡഡ് മേഖലയിൽ പട്ടികവർഗക്കാർക്ക് രണ്ടു കോളേജുകളും, പട്ടികജാതിക്കാർക്കായി നാലു കോളേജുകളും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ചത്. ഒ.ബി.സി വിഭാഗങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണം എന്ന ആവശ്യം പതിറ്റാണ്ടുകളായി നിലനിന്നിരുന്നെങ്കിലും അത് പ്രാവർത്തികമാക്കിയത് 2011-ൽ ഉമ്മൻചാണ്ടിയാണ്. ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടതും അതേസമയം പ്രത്യേക സംവരണത്തിന് അർഹതയില്ലാത്തതുമായ ഒ.ബി.എച്ച് ഗ്രൂപ്പിൽപ്പെട്ട മുപ്പതിൽ അധികം വരുന്ന സമുദായങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി വിഭാഗങ്ങൾക്ക് സാധാരണ നിലയിൽ ലഭിക്കുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിച്ചു നൽകിയത് ഉമ്മൻചാണ്ടിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് വിശ്വകർമ്മ സമുദായത്തിനും ധീവര സമുദായത്തിനും രണ്ട് ശതമാനം വീതവും കുശവ/കുലാല തുടങ്ങിയ മൺപാത്ര സമുദായങ്ങൾക്ക് ഒരു ശതമാനം പ്രത്യേക സംവരണവും അനുവദിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ്. ദേവസ്വം ബോർഡുകളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ഉദ്യോഗ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തിയത് ഉമ്മൻചാണ്ടി സർക്കാർ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് മൂലമാണ്. പട്ടികജാതിയിലും പട്ടികവർഗത്തിലും പെട്ട രണ്ടുപേർ ഒരേ സമയം മന്ത്രിസഭാംഗങ്ങൾ ആയിരുന്നതും അദ്ദേഹത്തിന്റെ മന്ത്രിസഭയിലാണ്.
ഒ.ബി .സി വിഭാഗം വിദ്യാർത്ഥികൾക്ക് സ്കൂൾതലത്തിൽ പ്രീമെട്രിക് സ്കോളർഷിപ്പ് തുടങ്ങി വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെ സൗജന്യമായി ലഭിക്കുന്ന പദ്ധതിയും അടക്കം നിരവധി മറ്റു പദ്ധതികൾ ആവിഷ്കരിച്ചതും അദ്ദേഹം മുഖ്യ മന്ത്രിയുമായിരുന്ന കാലഘട്ടത്തിൽത്തന്നെ. പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ വകുപ്പിന്റെ രൂപീകരണത്തിനും തുടർ പ്രവർത്തനങ്ങൾക്കും എനിക്ക് ഉമ്മൻചാണ്ടിയിൽ നിന്ന് ലഭിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും പിന്നാക്ക സമുദായങ്ങളുടെ ഉയർച്ചയ്ക്കും ക്ഷേമത്തിനും ഏറെ സഹായകമായിട്ടുമുണ്ട്. (പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്ഥാപക ഡയറക്ടറാണ് ലേഖകൻ: 94472 75809)