ഹരം ആകാൻ വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം കരം

Thursday 17 July 2025 3:40 AM IST

നോബിൾ ബാബു തോമസിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കരം എന്നു പേരിട്ടു. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന സിനിമകളിൽ നിന്ന് മാറി തിരയ്ക്കുശേഷം ത്രില്ലർ ചിത്രം വിനീത് ഒരുക്കുന്നു എന്ന പ്രത്യേകതയുണ്ട് . വലിയ ബഡ്ജറ്റിൽ ജോർജിയയിലും റഷ്യയുടെയും അസർബൈജാന്റെയും അതിർത്തിയിൽ ചിത്രീകരിച്ച ചിത്രം പൂജ റിലീസായി സെപ്തംബർ 25ന് തിയേറ്ററിൽ എത്തും. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. കരത്തിന് തിരക്കഥ എഴുതുന്നതും നോബിൾ ആണ്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഒഫ് ലൈഫും ചേർന്നാണ് നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയുന്നു. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം.രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്.സംവിധായകൻ കെ. മധുവിന്റെ മകളും മരുമകനുമായ പാർവതി കെ. മധുവും മാധവ് രമേശുമാണ് ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, പി.ആർ.ഒ ആതിര ദിൽജിത്ത്.