ദേശീയപാതയ്ക്ക് തുരങ്കം വച്ച് കപട പരിസ്ഥിതിവാദം

Thursday 17 July 2025 3:24 AM IST

ദേശീയപാത 85ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബെഞ്ചിൽ നിന്നുള്ള വിധി വന്നത് വെള്ളിയാഴ്ചയാണ്. ദേശീയപാത നിർമ്മാണത്തിന് അനധികൃതമായി വനഭൂമിയിലെ മരങ്ങൾ മുറിച്ചുവെന്ന് കാട്ടി ബി.ജെ.പിയുടെ പരിസ്ഥിതി വിഭാഗം നേതാവ് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയ്ക്ക് അനുകൂലമായി അഡീഷനൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകി. ഇതാണ് ദേശീയപാത നിർമ്മാണ പ്രവ‌ർത്തനങ്ങൾ തടയുന്ന വിധിയ്ക്ക് ഇടയാക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇടുക്കി ജില്ലയിലുണ്ടായത്. എൽ.ഡി.എഫ് അടിമാലി പഞ്ചായത്തിലും യു.ഡി.എഫ് അടിമാലി, പള്ളിവാസൽ, വെള്ളത്തൂവൽ പഞ്ചായത്തുകളിലും 12ന് ഹർത്താൽ ആചരിച്ചു. ദേശീയ പാതാ വികസനത്തിന് തുരങ്കം വയ്ക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ജില്ലയുടെ വികസന വഴികളിൽ നിർണായ പങ്ക് വഹിക്കുന്ന ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ അന്തർ സംസ്ഥാന ഗതാഗതം ഹൈസ്പീഡിലാകുമായിരുന്നു. കേരളം തമിഴ്നാടുമായി കൈകോർക്കുന്നതോടെ സമസ്ത മേഖലകളിലും വികസന കുതിപ്പ് ലക്ഷ്യമിടുന്നതിനിടെയാണ് പ്രതിസന്ധികൾ ഉരുണ്ടു കൂടുന്നത്. ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കാട്ടി നിയമത്തെ വളച്ചൊടിക്കുകയാണ് ചില വ്യക്തികളും സംഘടനകളും. ദേശീയപാത 85ന്റെ വികസനം അട്ടിമറിക്കാൻ വനംവകുപ്പിന്റെ ഒത്താശയോടെ ചില വ്യക്തികളും പരിസ്ഥിതി സംഘടനകളും ശ്രമം നടത്തുന്നെന്ന ആരോപണം ശക്തമാണ്.

വിധിയിലേക്ക് നയിച്ചത്

ദേശീയ പാതയിൽ നിർദ്ദിഷ്ട വികസന പ്രവർത്തനം 10 മീറ്റർ വീതിയിലാണ് അനുവദിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് വനംവകുപ്പ് തർക്കം ഉന്നയിച്ച ഘട്ടത്തിൽ ഹൈക്കോടതിയിൽ 2024 മേയ് 28ന് കിരൺ സിജു എന്ന വിദ്യാർത്ഥി സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ 1996ലെ പൊതുമരാമത്ത് വകുപ്പ് ഉത്തരവ് അനുസരിച്ച് 30 മീറ്റർ വീതി യാഥാർത്ഥ്യമാക്കണമെന്ന് വിധിയുണ്ടായി. എന്നാൽ ഈ വിധി നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചില്ല. എന്നാൽ 2024 ആഗസ്റ്റ് രണ്ടിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ 10 മീറ്റർ വീതിയിൽ വികസന പ്രവർത്തനം നടത്താമെന്നും ആ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് തടസം സൃഷ്ടിക്കരുതെന്നും തീരുമാനമായി. അതിനെ തുടർന്നായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ സമയത്ത് എം.എൻ. ജയചന്ദ്രൻ എന്ന ബി.ജെ.പിയുടെ പരിസ്ഥിതി വിഭാഗം നേതാവ് ഹൈക്കോടതിയിൽ, കിരൺ സിജുവിന്റെ വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകിയത് നിരുപാധികം തള്ളി. തുടർന്ന് ഇയാൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ റിട്ട് ഹർജി നൽകി.

നേര്യമംഗലം മുതൽ വാളറ വരെയുള്ള വനഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ചു റോഡ് നിർമ്മിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതിയില്ലാതെയാണെന്നായിരുന്നു വാദം. തുടർന്ന് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി എന്ന പേരിൽ നൽകിയ സത്യവാങ്മൂലം പൂർണ്ണമായും ഹർജിക്കാരനായ എം.എൻ ജയചന്ദ്രനെ അനുകൂലിക്കുന്നതായിരുന്നു. ഈ ഘട്ടത്തിൽ ഡീൻ കുര്യാക്കോസ് എം.പിയും സിജുമോൻ ഫ്രാൻസിസെന്ന പൊതുപ്രവ‌ർത്തകനും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ചെങ്കിലും, ഇവരുടെ ഭാഗം വിശദീകരിക്കാനോ, കേൾക്കാനോ ഹൈക്കോടതി സമയം അനുവദിച്ചില്ല. തുടർന്നാണ് ദേശീയപാത നിർമ്മാണപ്രവർത്തനം തടഞ്ഞ്

വിധി വന്നത്.

നഷ്ടപരിഹാരം

കണക്കുപറഞ്ഞ് വാങ്ങി

നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ 0.95 ഹെക്ടർ (2.34 ഏക്കർ) വനഭൂമി ഏറ്റെടുക്കുന്നതിന് ദേശീയപാതാ അതോറിട്ടിയിൽ നിന്ന് 5.41 കോടി രൂപ വനംവകുപ്പ് നഷ്ടപരിഹാരം വാങ്ങിയതിന്റെ വിവരങ്ങളും ഇതിനിടെ പുറത്തുവന്നു. ദേശീയപാത അതോറിട്ടി നേര്യമംഗലം പാലത്തിന്റെ ഒരു കരയിലും മറ്റ് ചിലയിടങ്ങളിലുമായി ആവശ്യപ്പെട്ട വനമേഖലയ്ക്ക് പകരമായി 38 ലക്ഷം രൂപയും മനുഷ്യ വന്യജീവി പ്രശ്നം പരിഹരിക്കാനെന്ന പേരിൽ 4.63 കോടി രൂപയുമാണ് വനംവകുപ്പ് വാങ്ങിയത്. എസ്റ്റിമേറ്റ് തുക കണക്കാക്കി മൂന്നാർ ഡി.എഫ്.ഒ രമേശ് ബിഷ്‌ണോയി ദേശീയപാതാ അതോറിട്ടി പ്രോജക്ട് ഡയറക്ടർക്ക് നൽകിയ നൽകിയ കത്തിൽ പറഞ്ഞിരിക്കുന്ന ഓരോ ആവശ്യങ്ങളും വിചിത്രമാണ്. വാങ്ങിയ 38 ലക്ഷം രൂപയിൽ 25.72 ലക്ഷം രൂപയും റോഡ് പണിയ്ക്കായി മുറിയ്ക്കുന്ന 259 മരങ്ങളുടെ വിലയായാണ് കണക്കാക്കിയത്. മരം മാർക്ക് ചെയ്യുന്നതിനും മുറിക്കുന്നതിനും കൊണ്ടുപോകുന്നതിനുള്ള വണ്ടിക്കൂലിയ്ക്കുമടക്കം കണക്ക് പറഞ്ഞ് 12.84 ലക്ഷം രൂപ വാങ്ങി. വന്യജീവി പ്രശ്നം പരിഹരിക്കാനെന്ന പേരിൽ മാത്രം 4.63 കോടി രൂപയാണ് വനംവകുപ്പ് ദേശീയപാതാ അതോറിട്ടിയിൽ നിന്ന് വാങ്ങിയത്. നേര്യമംഗലം റേഞ്ചിൽ ദ്രുത കർമ്മ സേന (ആർ.ആർ.ടി) രൂപീകരിക്കാനും അനുബന്ധ ചെലവുകൾക്കുമാണ് ഇതിൽ രണ്ടരക്കോടി രൂപയോളം ചെലവഴിക്കുകയെന്നായിരുന്നു വനംവകുപ്പ് പറഞ്ഞിരുന്നത്. ദ്രുത കർമ്മ സേനയ്ക്ക് കെട്ടിടം നിർമ്മിക്കാനും അതിന്റെ അറ്റകുറ്റപണികൾക്കും മറ്റുമായി ഒരു കോടി രൂപ വാങ്ങി. സേനയുടെ പട്രോളിംഗ് വാഹനങ്ങൾക്കും ഡ്രൈവറുടെ ശമ്പളത്തിനുമടക്കം ഒന്നര കോടിയാണ് വാങ്ങിയത്. വന്യജീവി ശല്യം പരിഹരിക്കാൻ ഡ്രോണുകൾ, എ.ഐ ക്യാമറ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക ഉപകരണങ്ങൾ വാങ്ങുന്നതിന് 50 ലക്ഷം, സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 34.16 ലക്ഷം, കാട്ടാനകളെ നിരീക്ഷിക്കാൻ വാച്ചർമാരെ നിയോഗിക്കുന്നതിന് 75 ലക്ഷം ഇങ്ങനെ പോകുന്നു കണക്ക്. 28 തസ്തനികൾക്ക് സഞ്ചരിക്കാൻ റോഡിന് മുകളിലൂടെ മേൽപ്പാലം നിർമ്മിക്കാൻ നാല് ലക്ഷം രൂപയും ഈടാക്കി. എന്നാൽ റോഡ് നിർമ്മാണം മുടങ്ങാതിരിക്കാൻ വനംവകുപ്പ് ആവശ്യപ്പെട്ട 5.41 കോടി രൂപയും ദേശീയപാതാ അതോറിട്ടി നൽകി. സർക്കാർ ഭൂമിയ്ക്ക് സർക്കാർ തന്നെ നഷ്ടപരിഹാരം നൽകുന്നത് ശരിയല്ലെന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെയടക്കം എതിർപ്പ് മറികടന്നാണ് ഈ തുക നൽകിയത്. എന്നിട്ടും സ്ഥലം പൂർണമായും ഏറ്റെടക്കാനായില്ലെന്ന് മാത്രമല്ല ഇപ്പോൾ റോഡ് നിർമ്മാണവും മുടങ്ങി.