സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം, ഡമാസ്‌കസിൽ വൻ സ്‌ഫോടനമെന്ന് റിപ്പോർട്ട്

Wednesday 16 July 2025 8:27 PM IST

ഡമാസ്‌കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഡമാസ്‌കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഒരാൾ മരിക്കുകയും 18 പേർക്കെങ്കിലും പരിക്കേൽക്കുകയും ചെയ്‌തതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരുകൂട്ടം ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്നാണ് സൂചന. പുതുതായി അധികാരമേറ്റ സിറിയൻ സർക്കാരുമായി ഏറ്റുമുട്ടുന്ന അറബ് ന്യൂനപക്ഷ സൈനിക വിഭാഗം ഡ്രൂസിനെ പിന്തുണയ്‌ക്കുകയാണ് ഇസ്രയേൽ എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പറയുന്നത്.

'വേദനാജനകമായ പ്രഹരം ആരംഭിച്ചു' എന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് കുറിച്ചത്. സിറിയൻ വാർത്താ ചാനലുകൾ പുറത്തുവിട്ട ദൃശ്യങ്ങൾ പ്രകാരം സിറിയയിലെ പ്രതിരോധ മന്ത്രാലയം സ്ഥിതിചെയ്യുന്ന മന്ദിരത്തിൽ ഇസ്രയേൽ ആക്രമണം നടത്തി. സിറിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനോട് ചേർന്നാണിത്. ആക്രമണ വാർത്ത ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ ഡ്രൂസ് സേനയും ബദായിൻ ഗോത്രവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിൽ സിറിയൻ സർക്കാർ ഇടപെട്ടു. തെക്കൻ സിറിയൻ നഗരമായ സുവൈദയിലായിരുന്നു ഇത്.

ആക്രമണം നിർത്തിവയ്‌ക്കാൻ അമേരിക്കയുടെ സിറിയൻ പ്രതിനിധി ടോം ബരാക് ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം രാജ്യത്തിന്റെ തെക്കൻ അതിർത്തി സംരക്ഷിക്കാനും ഡ്രൂസിനെ കാത്തുരക്ഷിക്കാനുമാണ് നടപടിയെന്ന് ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. ഇസ്രയേലിലുള്ള ഡ്രൂസ് സഹോദരങ്ങൾക്കായി നിങ്ങളുടെ സിറിയയിലെ സഹോദരന്മാരെ രക്ഷിക്കാൻ ഇസ്രയേൽ സൈന്യമുണ്ടെന്നാണ് കാറ്റ്സ് അഭിപ്രായപ്പെട്ടത്.