രാഷ്ട്രീയത്തിലെ സൗമ്യ സാന്നിദ്ധ്യം

Thursday 17 July 2025 3:28 AM IST

പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പദ്മരാജന്റെ വിയോഗത്തിലൂടെ

കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ പൊതുവേദികളിൽ നിന്ന് സമീപകാലത്ത് അകന്നു നിൽക്കുകയായിരുന്നെങ്കിലും,​ കേരളത്തിലെ പൊതു രാഷ്ട്രീയധാരയിൽ ദീർഘകാലഘട്ടം നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരൻ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ വേളയിൽ സഭാ നേതാവായി കേരള മുഖ്യമന്ത്രിയുടെ ചുമതലയും പദ്മരാജൻ വഹിക്കുകയുണ്ടായി. കെ.പി.സി.സിയുടെ പ്രസിഡന്റായിരുന്നു.

കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ മൂന്നുവട്ടം മന്ത്രിയായ അദ്ദേഹം ധനകാര്യം, വൈദ്യുതി, സാമൂഹിക ക്ഷേമം തുടങ്ങി വിവിധ വകുപ്പുകളുടെ ചുമതല സ്തുത്യർഹമായി നിർവഹിച്ചു. സംസ്ഥാന പ്ളാനിംഗ് ബോർഡ് വൈസ് ചെയർമാൻ തുടങ്ങി അനവധി ഔദ്യോഗിക പദവികളും വഹിച്ചു. ഏതൊരു പദവി വഹിച്ചാലും അവിടെയല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പദ്മരാജന് എന്നും കഴിഞ്ഞിരുന്നു. നാട്ടുകാരും സഹപ്രവർത്തകരുമൊക്കെ 'പദ്മരാജൻ വക്കീൽ" എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. പ്രഗത്ഭനായ അഭിഭാഷകനായിരുന്നു. കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം സജീവമായ വേളകളിൽ ഐ ഗ്രൂപ്പിനോട് ചെറിയ ആഭിമുഖ്യം കാട്ടിയെങ്കിലും തന്റേതായ നിലപാട് ഉയർത്തിപ്പിടിക്കുകയും ആരുടെയും ചട്ടുകമായി മാറാൻ തയ്യാറാകാതിരിക്കുകയും ചെയ്ത പ്രത്യേക വ്യക്തിത്വമായിരുന്നു പദ്മരാജന്റേത്. സൗമ്യമായ പെരുമാറ്റമാണെങ്കിലും പറയാനുള്ളത് കാർക്കശ്യത്തിന്റെ സ്വരമില്ലാതെ വെട്ടിത്തുറന്നു പറയാൻ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല.

ചാത്തന്നൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് കൊല്ലം ഡി.സി.സിയുടെ വൈസ് പ്രസിഡന്റായും, തുടർന്ന് പ്രസിഡന്റായും പ്രവർത്തിച്ചു. പൊതുവെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് 1982-ലും 1991-ലും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ മണ്ഡലത്തിൽ പിന്നീട് മത്സരിച്ചു പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന് ശക്തമായ അടിത്തറ അവിടെ പാകാൻ പദ്മരാജന് കഴിഞ്ഞു.1982-ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ അംഗമായ പദ്മരാജൻ അതു രാജിവച്ചാണ് കെ.പി.സി.സി പ്രസിഡന്റാകുന്നത്. പ്രസിഡന്റായിരിക്കുമ്പോൾ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മിന്നുന്ന വിജയം നേടിക്കൊടുക്കുകയും ചെയ്തു.

കോൺഗ്രസിന് തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം പണിയാൻ മുൻകൈയെടുത്ത നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ മികച്ച സഹകാരിമാരിൽ ഒരാളുമായിരുന്നു. വൈദ്യുതി മന്ത്രിയായിരിക്കെ ബ്രഹ്മപുരം ഡീസൽ പവർ പ്ളാന്റിന്റെ പേരിൽ ചില വിവാദങ്ങൾ ഉണ്ടായെങ്കിലും തന്റെ വ്യക്തിശുദ്ധി കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നും 'കേരളകൗമുദി"യുടെ ഉറ്റമിത്രമായിരുന്നു അദ്ദേഹം. സി.വി.പദ്മരാജന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും ദു:ഖത്തിൽ ഞങ്ങളും ചേരുന്നു.