നാട്ടിലിറങ്ങി കാട്ടുമൃഗങ്ങൾ ഭൂമി തരിശിട്ട് കർഷകർ
കിളിമാനൂർ: വന്യമൃഗശല്യം കാരണം കർഷകർ ഭൂമി തരിശിടുന്നു. തരിശുരഹിത കേരളത്തിനായി ത്രിതല പഞ്ചായത്തുതലത്തിൽ കൃഷി വകുപ്പിന്റെയും കാർഷിക കർമ്മസേനയുടെയുമൊക്കെ നേതൃത്വത്തിൽ, നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് കർഷകർ വന്യമൃഗശല്യം കാരണം വലയുന്നത്.
ലോണെടുത്തും പണയം വച്ചും കടം വാങ്ങിയുമൊക്കെ കൃഷി ചെയ്ത കർഷകർ ഇപ്പോൾ കടക്കെണിയിലാണ്. നെല്ല് ഉൾപ്പെടെയുള്ള വിളകൾ കാട്ടുപന്നികൾ നശിപ്പിച്ചു.കതിരായ നെല്ലുകളാണ് കൂട്ടത്തോടെ വയലുകളിലിറങ്ങി പന്നികൾ നശിപ്പിക്കുന്നത്. കൂടാതെ വയൽവരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്.കരഭാഗത്ത് കൃഷി ചെയ്തിരിക്കുന്ന മരിച്ചീനി,വാഴ,ചേന,ചേമ്പ് തുടങ്ങിയ വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവാണ്.
കാർഷിക നഷ്ടത്തിന് കൃഷി ഓഫീസിൽ പരാതി നൽകിയാലും ഫലമൊന്നുമില്ലെന്ന് കർഷകർ പറയുന്നു. പഞ്ചായത്തുതലത്തിൽ ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നടപടി സ്വീകരിച്ചെങ്കിലും ഒന്നുരണ്ട് ദിനങ്ങളിൽ ഇത് നടപ്പിലാക്കിയ ശേഷം നിറുത്തലാക്കിയെന്നാണ് ആക്ഷേപം.
പകലും പേടിക്കണം
ഇപ്പോൾ പകൽ സമയത്തുപോലും പന്നിശല്യം വ്യാപകമാണ്.ഇവയെ പേടിച്ച് സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ ജനങ്ങൾക്ക് പേടിയാണ്. നിരവധി പേരാണ് ഇവയുടെ ആക്രമണത്തിന് ഇരയായത്. ഇതിൽ കൂടുതൽ പേരും വെളുപ്പിന് റബർ ടാപ്പിംഗിന് പോകുന്നവരാണ്.
പണം നഷ്ടം
കൃഷിക്കായി ലോണെടുക്കുന്നത് കൂടാതെ,വന്യമൃഗശല്യം തടയാൻ കമ്പിവേലി,സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാനും പണം വേണം.സാധാരണ കർഷകന് ഇത് അപ്രാപ്യമാണ്.ഈ സാഹചര്യത്തിൽ കൃഷിഭൂമി തരിശിടാനേ നിർവാഹമുള്ളൂ.
കൂട്ടിന് കുരങ്ങും
പ്രദേശങ്ങളിൽ കുരങ്ങ് ശല്യവും രൂക്ഷമാണ്. തെങ്ങിൽ കയറി വെള്ളയ്ക്ക ഉൾപ്പെടെ നശിപ്പിക്കുക,വീടിന് മുകളിലെ ഓടുകൾ എറിഞ്ഞുടയ്ക്കുക,പൈപ്പ് ലൈൻ വലിച്ചു പൊട്ടിക്കുക,വാട്ടർ ടാങ്കിലിറങ്ങി വെള്ളം ചീത്തയാക്കുക,തുണികൾ നശിപ്പിക്കുക തുടങ്ങിയ വികൃതികൾ കൊണ്ട് പ്രദേശവാസികളുടെ പൊറുതി മുട്ടിച്ചിരിക്കുകയാണ് കുരങ്ങുകൾ.
കുരങ്ങ് ശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ വനം വകുപ്പ് അധികൃതർ കൂടുകൾ സ്ഥാപിക്കുകയോ, എയർ ഗൺ പോലുള്ളവ ഉപയോഗിച്ച് കുരങ്ങുകളെ ഓടിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.