പണം വന്നുതുടങ്ങി,​ നെൽകർഷകർക്ക് ആശ്വാസം

Thursday 17 July 2025 12:00 AM IST

കോട്ടയം : കർഷകരുടെ മാസങ്ങളുടെ കാത്തിരിപ്പിന് വിരാമം. ഏപ്രിൽ മാസം പകുതിയോടെ നൽകിയ നെല്ലിന്റെ പണം ലഭിച്ചു തുടങ്ങി. ഏപ്രിൽ 25 ന് ശേഷം പേ ഓർഡറായതുൾപ്പെടെ ജില്ലയിലെ കർഷകർക്ക് ഇനി സപ്ലൈകോ നൽകാനുള്ളത് 63.56 കോടി രൂപയാണ്. എസ്.ബി.ഐ, കാനറാ ബാങ്കുകൾ മുഖേനയാണ് പണം നൽകുന്നത്. ഏപ്രിൽ 30 വരെയുള്ള പേ ഓർഡറുകൾ എസ്.ബി.ഐ പാസാക്കിയതായി കർഷകർ പറയുന്നുണ്ടെങ്കിലും ഇതുവരെ കർഷകരിൽ പലർക്കും പണം ലഭിച്ചിരുന്നില്ല. പുഞ്ച കൃഷി കഴിഞ്ഞ് കർഷകർ വിരിപ്പു കൃഷിയുടെ തിരക്കിലാണ്. പുഞ്ചയ്ക്കായി കടമെടുത്ത പണം വീട്ടാൻ കഴിയാത്ത സാഹചര്യത്തിൽ വീണ്ടും വട്ടിപ്പലിശയ്ക്ക് വാങ്ങിയാണ് കൃഷിയിറക്കിയത്. പുഞ്ച സീസണിൽ 62385. 72 ടൺ നെല്ലാണ് സംഭരിച്ചത്. ആകെ 176.67 കോടി രൂപയുടെ നെല്ല്. ഇതുവരെ നൽകിയത് 113 കോടി രൂപയാണ്. കർഷകർ സപ്ലൈ ഓഫീസും ബാങ്കുകളും കയറി ഇറങ്ങാൻ തുടങ്ങിയിട്ട് നാളുകളായി. മുൻ വർഷങ്ങളില്ലാത്ത താമസം ഇത്തവണയുണ്ടായതായി കർഷകർ പറയുന്നു.

കുടിശിക ഇങ്ങനെ (കോടിയിൽ)​ കോട്ടയം താലൂക്ക് : 34.04 ചങ്ങനാശേരി : 19.41 കോടി വൈക്കം : 8.71 കോടി മീനച്ചിൽ : 1.32 കോടി കാഞ്ഞിരപ്പള്ളി : 7.36 ലക്ഷം രൂപ