അഴിത്തലയിൽ ഫൈബർ തോണി മറിഞ്ഞ് 9 പേർക്ക് പരിക്ക്
നീലേശ്വരം: അഴിത്തല അഴിമുഖത്ത് യന്ത്രവൽകൃത ഫൈബർതോണി കൂറ്റൻ തിരമാലയിൽപ്പെട്ട് മറിഞ്ഞ് 9 മത്സ്യ തൊഴിലാളികൾക്ക് പരിക്കേറ്റു. അനന്തംപള്ള മൂത്തൽ ഹൗസിലെ എം. അർജ്ജുന്റെ ഉടമസ്ഥതയിലുള്ള സിഫ്രാണ്ട്‌സ് എന്ന തോണിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 6 മണിക്കായിരുന്നു അപകടം.
തോണി കടലിൽ ഇറക്കുന്നതിനിടയിൽ ശക്തമായ തിരമാലയിൽ അടിച്ചായിരുന്നു അപകടം. തൈക്കടപ്പുറത്തെ മുഹമ്മദ് നിയാസ് (35), അനന്തം പള്ളയിലെ മധുസൂദനൻ (50), മുഹമ്മദ് അനസ് (45), മുഹമ്മദ് അഷറഫ് (50), മുഹമ്മദ് കുഞ്ഞി (42), മാഹി സ്വദേശി മടക്കരയിലെ മുഹമ്മദ് സെയ്ദ് (42), രണ്ട് അതിഥി തൊഴിലാളികൾ എന്നിവർ തോണിയിൽ ഉണ്ടായിരുന്നു. ഇവരെ ഉടൻ തന്നെ നീലേശ്വരം തേജസ്വനി സഹകരണ ആശുപത്രിയിലെത്തിച്ചു.
ശക്തമായ തിരയടിച്ച് മറിഞ്ഞ തോണി പൂർണ്ണമായും തകർന്ന് കടലിലേക്ക് ഒഴുകി പോയി. 2 എൻജിൻ, വല, വല വലിച്ചടുപ്പിക്കാനുള്ള യന്ത്രം സമഗ്രികൾ, ക്യാമറ, തൊഴിലാളികളുടെ മൊബൈൽ എന്നിവ നഷ്ടപ്പെട്ടു. പത്തു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീശൻ, മത്സ്യഫെഡ് ഡയറക്ടർ വി.വി രമേശൻ, ഫിഷറീസ് എം.ഡി. തസ്ലീമ ബീഗം, മത്സ്യഫെഡ് ജില്ലാ മാനേജർ സി.എച്ച്. ഷെരീഫ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഐശ്വര്യ, ഫിഷറീസ് പ്രൊജക്ട് ഓഫീസർ എസ്. കൃഷ്ണ, മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് കാറ്റാടി കുമാരൻ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ നിഷാന്ത്, മത്സ്യ തൊഴിലാളി കണിച്ചിറ സഹകരണ സംഘം സെക്രട്ടറി ഐ.വി. കൃപ, മത്സ്യത്തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം സുഹാസ്, നീലേശ്വരം ഏരിയ പ്രസിഡന്റ് രാജു കൊക്കോട്ട്, കണിച്ചിറ മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ചന്ദ്രൻ, സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗങ്ങളായ സുകുമാരൻ, ശബരീശൻ എങ്ങോത്ത്, കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി.വി മണി, സി. രവീന്ദ്രൻ, ടി.പി കരുണാകരൻ എന്നിവർ സന്ദർശിച്ചു.