രാഹുൽ ഗാന്ധി 17 ന് ജില്ലയിൽ എത്തും

Thursday 17 July 2025 12:22 AM IST

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കും

കോട്ടയം . മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 17 ന് വൈകിട്ട് കുമരകത്തെത്തും. സി ആർ പി എഫിന്റേയും, അഞ്ചു ഡിവൈ എസ് പിമാരുടെയും നേതൃത്വത്തിൽ അഞ്ഞൂറോളം പൊലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്. കുമരകം താജ് ഹോട്ടലിൽ കഴിയുന്ന രാഹുൽ 18 ന് പുതുപ്പള്ളിയിലെത്തും. 18 ന് രാവിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 6.30ന് പ്രഭാതനമസ്‌കാരം, ഏഴിന് വിശുദ്ധ കുർബാന, 8 15 ന് കബറിങ്കൽ പ്രാർത്ഥന. 9 ന് പള്ളിമൈതാനത്ത് പ്രത്യേകം പന്തലിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ പങ്കെടുക്കും.

പാർക്കിംഗ്

 കഞ്ഞിക്കുഴി പ്രദേശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതുപ്പള്ളി കവലയിൽ ആളുകളെ ഇറക്കി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്‌കൂളിന്റെ മൈതാനത്ത് പാർക്ക് ചെയ്യുക. ഏറ്റുമാനൂർ മണർകാട് പ്രദേശത്ത് വരുന്ന വാഹനങ്ങൾ വി എച്ച് എസ് ഇ, ഐ എച്ച് ആർ ഡി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. വെട്ടത്ത് കവല കറുകച്ചാൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ നിലക്കൽ പള്ളി ഗ്രൗണ്ടിലും, ഡോൺബോസ്‌കോ സ്‌കൂൾ ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം. ചങ്ങനാശ്ശേരി വാകത്താനം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും, കൊല്ലാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും എരമല്ലൂർ കലുങ്കിന് സമീപം പള്ളി വക മൈതാനത്ത് പാർക്ക് ചെയ്യണം.