കെട്ടിട നിർമ്മാണത്തിന് സിമന്റ് നിറയ്‌ക്കുന്നതിനിടെ ക്ഷേത്ര കമ്മിറ്റി ചെയർമാൻ വീണത് ആറടി താഴ്‌ചയുള്ള കുഴിയിലേക്ക്, വൈറലായി വീഡിയോ

Wednesday 16 July 2025 10:11 PM IST

ഭോപ്പാൽ: ക്ഷേത്രത്തിനായി കെട്ടിടം നിർമ്മിക്കുന്നതിനിടെ കാൽവഴുതി ആറടിയിലേറെ ആഴമുള്ള കുഴിയിലേക്ക് വീണ് ക്ഷേത്ര ചെയർമാൻ. മദ്ധ്യപ്രദേശിലെ സിയോണി ജില്ലയിലണ് സംഭവം. ക്ഷേത്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായി ശ്രമദാനം നടക്കുകയായിരുന്നു, സാമൂഹ്യപ്രവർത്തകനായ ഡോ.പ്രഫുല്ല ശ്രീവാസ്‌തവ ഇതിനായി സിമന്റ് നിറയ്‌ക്കുന്നത് വീഡിയോയിൽ കാണാം. ആദ്യം ഒരുതവണ സിമന്റ് ഇട്ടശേഷം രണ്ടാം തവണ ഫോട്ടോയ്‌ക്ക് വേണ്ടി ഒന്നുകൂടി സിമന്റ് ഇടണമെന്ന് ആരോ പ്രഫുല്ലയോട് വിളിച്ചുപറഞ്ഞു. ഇതോടെ വീണ്ടും സിമന്റ് നിറക്കുന്നതിനായി ജോലിക്കാരനിൽ നിന്ന് സിമന്റ് ചട്ടി വാങ്ങി. ഇതിനിടെ അദ്ദേഹം നിൽക്കുകയായിരുന്ന ഭാഗം ഇടിഞ്ഞ് ഡോ. പ്രഫുല്ല കുഴിയിലേക്ക് വീണു.

പ്രഫുല്ല കുഴിയിലേക്ക് വീണത് കണ്ട് ജോലി ചെയ്‌തിരുന്നവർ ഞെട്ടുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾക്ക് ആളുകൾ സമ്മിശ്രമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിന് പകരം ഒരു സിനിമ തന്നെ കണ്ടു എന്ന് ചിലർ പറയുമ്പോൾ ഇതെല്ലാം ഫോട്ടോയ്‌ക്ക് വേണ്ടിയാണെന്ന് ചിലർ പരിഹസിക്കുന്നു. സിയോണിയിലെ ചിത്രഗുപ്‌ത ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയിലെ ചെയർമാനാണ് പ്രഫുല്ല ശ്രീവാസ്‌തവ. പ്രാർത്ഥിക്കാനായി ക്ഷേത്രത്തിലെത്തിയപ്പോൾ കെട്ടിട നിർമ്മാണം കണ്ടാണ് അദ്ദേഹം പങ്കെടുക്കാനെത്തിയത്.