കക്കൂസ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ നിന്ന് മാലിന്യമൊഴുകി
പരാതിയുയർത്തി സമീപ സ്ഥാപനങ്ങൾ ചേർത്തല: നഗരസഭയിൽ സ്ഥാപിച്ച കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റിൽ മാലിന്യം ഒഴുകിയയി പരാതി.പ്ലാന്റിന്റെ പരിസരത്തേക്കും സമീപ സ്ഥലങ്ങളിലേക്കും മാലിന്യം പരന്നൊഴുകിയതായി കാട്ടി സമീപത്തെ സ്ഥാപനങ്ങൾ കളക്ടർക്കടക്കം പരാതി നൽകി. തുടർന്ന് പരിശോധനയുടെ ഭാഗമായി പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചു.നഗരസഭ അധികൃതർ പ്ലാന്റു സന്ദർശിച്ച് നടപടികൾക്കു നിർദ്ദേശം നൽകി.പ്ലാന്റിൽ നിന്നും വലിയ തോതിൽ മാലിന്യം പുറത്തേക്കൊഴുകുകയാണെന്നും മാലിന്യം നിറഞ്ഞ് സമീപത്തെ മതിൽ തകർന്നതായും പരാതിയുണ്ട്. നിർമ്മാണത്തിലെ അപാകതയാണിതിന് കാരണമെന്നാണ് വിമർശനം. ജില്ലയിലെ തന്നെ ആദ്യത്തെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റാണ് ചേർത്തലയിലേത്. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടുകോടിയോളം മുടക്കിയാണ് അന്താരാഷ്ട്ര നിലവാരത്തിൽ പ്ലാന്റു നിർമ്മിച്ചത്. ആറു മാസത്തിനുളളിൽ ഏഴുലക്ഷത്തോളം ലിറ്റർ മാലിന്യം സംസ്‌കരിച്ചിരുന്നു. നിർമ്മാണത്തിൽ ഗുരുതരമായ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും കാട്ടി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. പി.എസ്. ജ്യോതിസ് പരാതി നൽകി.
എന്നാൽ പ്ലാന്റിൽ മാലിന്യ ചോർച്ചയില്ലെന്നും സംസ്‌കരിച്ച അവശിഷ്ടങ്ങൾ ഉണക്കി സംഭരിക്കുന്ന പ്രവർത്തനം മഴയായതിനാൽ നടക്കാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നുണ് അധികൃതർ പറയുന്നത്. ഇത്തരത്തിൽ കെട്ടികിടന്ന അവശിഷ്ടം മഴയിൽ പരന്നതാണെന്നും ഇതു ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നിയന്ത്രിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപെടുത്തിയതായും അറിയിച്ചു.