തെരുവ് നായ്ക്കൾ 40 കോഴികളെ കടിച്ചു കൊന്നു

Thursday 17 July 2025 3:48 AM IST

കല്ലമ്പലം: നാവായിക്കുളത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 40 മുട്ടകോഴികൾ ചത്തു. പുതുശ്ശേരിമുക്ക് തലവിള റുക്സാന മൻസിലിൽ സജിയുടെ വീട്ടിലായിരുന്നു സംഭവം.ഇക്കഴിഞ്ഞ 10ന് രാത്രി 11ഓടെ കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് സംഭവമറിയുന്നത്. കൂട് തകർത്ത് അകത്തുകയറിയ പത്തോളം നായ്ക്കൾ കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു.

നായ്ക്കളെ ഓടിച്ച് വിട്ടെങ്കിലും കോഴികൾ ഭൂരിഭാഗവും ചത്തു.വീട്ടുകാർ വരുമാന മാർഗമായി വർഷങ്ങളായി വളർത്തിയിരുന്ന കോഴികളാണ് നഷ്‌ടപ്പെട്ടത്.പഞ്ചായത്തിൽ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി.നാവായിക്കുളം ഡീസന്റ്മുക്ക്‌ മേഖലയിൽ മുൻപും തെരുവു നായ്ക്കൾ നൂറുകണക്കിന് കോഴികളെ കൊന്നൊടുക്കിയിട്ടുണ്ട്.പ്രദേശം കേന്ദ്രീകരിച്ച് തെരുവുനായ്ക്കൾ പെരുകുന്നതായാണ് പരാതി.