രാമായണ മാസത്തിന്റെ പുണ്യം നേടാൻ നാലമ്പല ദർശനം, സകല ദുരിതങ്ങളിൽ നിന്നും രക്ഷനേടാം
നാളെ ജൂലായ് 17നാണ് കർക്കടകം ഒന്ന്. രാമായണ മാസം ആരംഭിക്കുന്നതും അന്ന് തന്നെ. കർക്കടകത്തിൽ ശ്രീരാമക്ഷേത്ര ദർശനം പുണ്യം നൽകുമെന്നാണ് വിശ്വാസം, നാലമ്പല ദർശനമാണ് ഇതിൽ പ്രധാനം. ദശരഥ പുത്രൻമാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനെയാണ് നാലമ്പല ദർശനം എന്നു വിവക്ഷിക്കുന്നത്. നാലു ക്ഷേത്രങ്ങളിലും ഒറ്റ ദിവസം ദർശനം നടത്തുന്നതിലൂടെ സകല ദുരിതങ്ങളിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷനേടാം എന്നാണ് ഭക്തരുടെ വിശ്വാസം.
നാലമ്പല ദർശനത്തിന് ഏറെ പ്രസിദ്ധം തൃശൂർ എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച് പായമ്മൽ ശത്രുഘ്ന സന്നിധിയിൽ അവസാനിക്കുന്നതാണ് ഇവിടുത്തെ നാലമ്പല ദർശനം.
തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ മുഖമണ്ഡപത്തിലുള്ള ഹനുമദ് സങ്കല്പത്തിൽ തൊഴുത ശേഷമേ ഭഗവാനെ ദർശിക്കാവൂ എന്നാണ് വിശ്വാസം. കൊടികയറി ഉത്സവം നടക്കാത്ത അപൂർവ ക്ഷേത്രം എന്ന പ്രത്യേകതയും തൃപ്രയാറിനുണ്ട്. പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളിൽ നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. തൊഴുതു വലംവെച്ച് മീനൂട്ടും നടത്തി ഭരത ക്ഷേത്രത്തിലേക്ക് പോവാം.
തൃപ്രയാറിൽ നിന്ന് 19 കിലോമീറ്റർ മാറി ഇരങ്ങാലക്കുടയിലാണ് ഭരതസ്വാമിയുടെ ശ്രീ കൂടൽ മാണിക്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ രണ്ടേക്കറോളം വരുന്ന കുലീപനി തീർത്ഥത്തിൽ ഗംഗാ യമുനാ സരസ്വതീ നദികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശാസം. ഈ കുളത്തിൽ ദേവൻമാരും പിതൃക്കളും ഋഷികളും ഭഗവാന്റെ ആഗ്രഹ പ്രകാരം മത്സ്യരൂപത്തിൽ വിഹരിക്കുന്നുണ്ടെന്ന് ഭക്തർ കരുതുന്നു. ഇവിടെയും ഭക്തർക്ക് മീനൂട്ട് നടത്താനുള്ള സൗകര്യമുണ്ട്. ഭഗവാനും പിതൃക്കൾക്കും വേണ്ടിയാണ് മീനൂട്ട്. വനവാസത്തിനുപോയ ശ്രീരാമനെ കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവക്ഷേത്രങ്ങളിലെ പ്രദക്ഷിണരീതിയാണ് ഇവിടുത്തെ പ്രത്യേകത.ഈ ക്ഷേത്രത്തിൽ പൂജയ്ക്ക് കർപ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടൽമാണിക്യം ഭരതസ്വാമി സന്താനദായകനും, രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആൺകുട്ടികൾ ഉണ്ടാകുന്നതിന് കടുംപായസവും, പെൺകുട്ടികൾ ഉണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തിൽ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങാ നിവേദ്യവും, അർശസ്സിന് നെയ്യാടിസേവയും, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ വിശേഷ വഴിപാടുകളാണ്.
കൂടൽ മാണിക്യ ക്ഷേത്രത്തിൽ നിന്ന് 31 കിലോമീറ്റർ മാറി പാറക്കടവ് പഞ്ചായത്തിൽ ചാലക്കുടിപ്പുഴയുടെ തീരത്താണ് ലക്ഷ്മണസ്വാമിയുടെ സ്ഥാനമായ ശ്രീമൂഴിക്കുളം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഒറ്റ ശ്രീകോവിലിൽ തന്നെ രണ്ടു ഭാഗങ്ങളിലായാണ് ലക്ഷ്മണസ്വാമിയെയും മഹാഗണപതിയും പ്രതിഷ്ഠിച്ചിരിക്കുന്നത് ശ്രീമൂഴിക്കുളം ക്ഷേത്രത്തിൽ നിന്ന് 32 കിലോമീറ്റർ മാറി ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ റൂട്ടിലാണ് ശത്രുഘ്നസ്വാമിയുടെ സ്ഥാനമായ പായമ്മൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശംഖചക്രഗദാപത്മങ്ങളില്ലാത്ത ചതുർബാഹുവിഗ്രഹമാണ് ക്ഷേത്രത്തിലേത്. ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സുദർശന പുഷ്പാഞ്ജലി. സുദർശനചക്ര സമർപ്പണവും പ്രധാനമാണ്. ആഭിചാരദോഷം, ശത്രുദോഷം, ബാധദോഷം എന്നിവയിൽനിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ഉത്തമമാണ്.
ഇത് കൂടാതെ കോട്ടയം ജില്ലയിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം അമനകര ഭരതസ്വാമി ക്ഷേത്രം കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം, കോട്ടയം – എറണാകുളം ജില്ലകളിലെ, പഴയ വേടനാട്ടു ബ്രാഹ്മണ ഗ്രാമത്തിലെ തിരുമറയൂർ ശ്രീരാമസ്വാമി ക്ഷേത്രം (മമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം) ഭരതപ്പിള്ളി ഭരതസ്വാമി ക്ഷേത്രം (മേമ്മുറി ഭരതസ്വാമി ക്ഷേത്രം) മൂലക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം.,മലപ്പുറം ജില്ലയിലെ രാമപുരം ശ്രീരാമ ക്ഷേത്രം, വറ്റല്ലൂർ ചൊവ്വണയിൽ ഭരത ക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണ ക്ഷേത്രം, നാറാണത്ത് തെക്കേടത്ത് മനയിൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലും നാലമ്പല ദർശനം നടത്താം.