ആശുപത്രിയിൽ നിന്ന് അനസ്തേഷ്യ മരുന്നുകൾ മോഷണം പോയി

Thursday 17 July 2025 12:53 AM IST

 ഡോക്ടർമാരുടെ സീലുകളും സ്റ്റാമ്പ് പാഡുകളും മോഷ്ടിച്ചു

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയമുറിയിൽ നിന്ന് അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്നതടക്കമുള്ള മയക്കുമരുന്നുകളും അനസ്‌തേഷ്യാ വിഭാഗം ഡോക്ടർമാരുടെ സീലുകൾ, സ്റ്റാമ്പ് പാഡ് എന്നിവയും മോഷണം പോയി. ആശുപത്രി അധികൃതരുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ആലപ്പുഴ നഗരപരിസരത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ 12ന് വൈകിട്ട് 5.30നും 14ന് രാവിലെ 7.30നും ഇടയിൽ മോഷണം നടന്നതായാണ് നിഗമനം. ശസ്ത്രക്രിയക്ക് ഉൾപ്പടെ ഉപയോഗിക്കുന്ന മയക്കുമരുന്ന് വിഭാഗത്തിൽപെടുന്ന 14 ആംപ്യുളുകൾ, 12 വേദനസംഹാരികൾ എന്നിവയാണ് മോഷണം പോയത്. ശസ്ത്രക്രിയ മുറിയിൽ തന്നെയായിരുന്നു അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാർ സീലുകളും സ്റ്റാമ്പ് പാഡുകളും സൂക്ഷിച്ചിരുന്നത്. മയക്കുമരുന്നുകൾക്കൊപ്പം ഇവയും കൂടി കൈക്കലാക്കിയാണ് മോഷണം നടത്തിയവർ കടന്നുകളഞ്ഞത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ, വില്പനകണ്ണികളോ ആകാം സംഭവത്തിന് പിന്നിലെന്നാണ് സംശയം. ആശുപത്രിയിലെ സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പോ, സീലോ കൂടാതെ മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ പുറമേ നിന്നും ലഭിക്കുകയില്ല. സീലുകൾ ദുരുപയോഗം ചെയ്ത് മയക്കുമരുന്നുകൾ മേടിക്കാനായിരിക്കാം ഇവ മോഷ്ടിച്ചതെന്നാണ് സംശയം. ക്യാമറ ദൃശയങ്ങലകൽ നിന്ന് ചില സൂചനകൾ ലഭിച്ചതായാണ് വിവരം.