യാത്രക്കാർക്ക് ഭീഷണിയായി ജങ്കാർ സർവീസ്
പള്ളിപ്പുറം: നിർമ്മാണത്തിലിരിക്കുന്ന മാക്കേകടവ് - നേരേകടവ് പാലത്തിന് സമാന്തരമായി ഇപ്പോൾ നടത്തുന്ന ജങ്കാർ സർവ്വീസ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മാക്കേ കടവിൽ ജെട്ടിയില്ലാതെ കൽക്കെട്ടിലാണ് ബോട്ട് അടുപ്പിക്കുന്നത്. നേര കടവിലും നിലവിൽ ജെട്ടിയില്ല. രണ്ട് വള്ളങ്ങൾ കൂട്ടിക്കെട്ടി ഫ്ലോട്ടിംഗ് ജെട്ടിയിലാണ് ജങ്കാർ ബോട്ട് അടുപ്പിക്കുന്നത്. വാഹനങ്ങളുമായി എത്തുന്ന ജങ്കാർ ബോട്ട് മാക്കേ കടവിൽ കൽക്കെട്ടിൽ ഇടിച്ചാണ് നിൽക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ജങ്കാറിലെ വാഹനങ്ങൾ മറിഞ്ഞു വീഴുന്നതുംപതിവാണ്. മുമ്പ്, ഫിറ്റ്നസ് ഇല്ലാതിരുന്നത് കൊണ്ട് കോടതി നിർദ്ദേശപ്രകാരം സർവ്വീസ് നിർത്തിവെച്ചതാണ്. കോടതി വിധിയെ തുടർന്ന് ജെട്ടി പൊളിച്ചു നീക്കുകയായിരുന്നു. മാസങ്ങളോളം ഇവിടെ സർവീസ് നിലച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടി വഴിയുണ്ടാക്കിയാണ് സർവ്വീസ് നടത്തുന്നത്.