വിതുര നെടുമങ്ങാട് റോഡ് കുരുതിക്കളമാകുന്നു

Thursday 17 July 2025 4:02 AM IST

വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടം തുടർക്കഥയാകുന്നു. ചുള്ളിമാനൂർ മുതൽ വിതുര വരെയുള്ള ഭാഗത്താണ് അപകടം പതിവാകുന്നത്. ഇന്നലെ മന്നൂർക്കോണം മുള്ളുവേങ്ങാമൂടിന് സമീപം ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ തൽക്ഷണം മരിച്ചു. ഒരുമാസത്തിനിടയിൽ രണ്ട് മരണമാണ് ഈ ഭാഗത്ത് നടന്നത്. മൂന്ന് മാസം മുൻപ് ഒരു യുവാവും ഇവിടെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. രണ്ട് വർഷം മുൻപ് ബസും ബൈക്കും കൂട്ടിയിടിച്ച് വിതുര സ്വദേശികളായ രണ്ടുപേരും മരണപ്പെട്ടു. കഴിഞ്ഞ മാസം ഓട്ടോറിക്ഷയിൽ ബുള്ളറ്റിടിച്ചുണ്ടായ അപകടത്തിൽ വിതുര സ്വദേശിയായ പിഞ്ചുകുഞ്ഞ് മരണപ്പെട്ടിരുന്നു.

പൂങ്കാവനം അപകടമേഖല

നെടുമങ്ങാട് വിതുരറോഡിൽ മന്നൂർക്കോണം പൂങ്കാവനം മേഖലയിൽ അപകടം പതിവാണ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നുണ്ട്. പൊൻമുടിയിലെത്തുന്ന യുവസംഘങ്ങൾ മിന്നൽവേഗതയിലാണ് പറക്കുന്നത്. രണ്ട് സംഘങ്ങളെ പൊലീസ് പിടികൂടി പെറ്റിചുമത്തിയിരുന്നു. ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്. കാൽനടയാത്രികരെ ഇടിച്ചിട്ടിട്ട് കടന്നുകളഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്. കഞ്ചാവ്, എം.ഡി.എം.എ വിൽപ്പനസംഘങ്ങളും റോഡിലൂടെ പായുന്നുണ്ട്. ഹൈവേ പൊലീസ് പരിശോധനകൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

5 വർഷം 11 മരണം

5 വർഷത്തിനിടയിൽ 11 പേരുടെ ജീവനാണ് നെടുമങ്ങാട് വിതുര റോഡിൽ പൊലിഞ്ഞത്. ഇതിൽ കൂടുതലും ബൈക്കപകടങ്ങളാണ്. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും, അമിതവേഗവും, അശ്രദ്ധയും, റോഡിന്റെ തകർച്ചയുമാണ് അപകടഹേതുവാകുന്നത്.

അപകടമരണങ്ങൾ

നടന്ന സ്ഥലങ്ങൾ

ഐ.എസ്.ആർ.ഒ ജംഗ്ഷൻ, മന്നൂർക്കോണം, പൂങ്കാവനം, ഇടനില, തൊളിക്കോട്, പുളിമൂട്, പേരയത്തുപാറ, ചേന്നൻപാറ, വിതുര

നെടുമങ്ങാട് വിതുര സംസ്ഥാനപാതയിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് തടയിടണം. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന അമിതവേഗക്കാരെ പിടികൂടണം. പൊലീസ് പരിശോധന കാര്യക്ഷമമാക്കണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ.