കുരുക്ക് കുറഞ്ഞെന്ന് എൻ.എച്ച്.എ.ഐ
Thursday 17 July 2025 12:41 AM IST
കൊച്ചി: തൃശൂർ - എറണാകുളം പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ കാരണമുള്ള ഗതാഗതക്കുരുക്ക് കുറഞ്ഞതായി ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ. ഒരാഴ്ചയ്ക്കകം ഗതാഗതം കൂടുതൽ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കും. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ചാണിത്. ടോൾ നിറുത്തിവയ്ക്കുന്നത് ഗതാഗതക്കുരുക്കിന് പരിഹാരമല്ലെന്നും അതോറിറ്റി അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹർജി വീണ്ടും ഇന്ന് പരിഗണിക്കുന്നതിന് മാറ്റി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്ക് കോടതി നേരത്തേ ഒരാഴ്ച അനുവദിച്ചിരുന്നു. നടപടിയെടുത്തില്ലെങ്കിൽ ടോൾ നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. കോൺഗ്രസ് നേതാക്കളായ ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവരാണ് ഹർജി നൽകിയിട്ടുള്ളത്.