നഗരപരിധിയിലെ പരസ്യ ബോർഡ്: കരാർ കഴിഞ്ഞിട്ടും കമ്പനി തന്നെ പണപ്പിരിവ്

Thursday 17 July 2025 12:46 AM IST

  • കാലവധി പൂർത്തിയായത് മാർച്ച് 31ന്
  • കോർപറേഷന് വൻ നഷ്ടം

തൃശൂർ: കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിൽ ബോർഡുകൾ വയ്ക്കുന്നതിന് ടെൻഡറെടുത്തവരുടെ കാലവധി കഴിഞ്ഞിട്ടും പണപ്പിരിവ് കരാറുകാരൻ തന്നെ. ഇതുവഴി കോർപററേഷന് നഷ്ടം ലക്ഷങ്ങൾ. കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങൾ, പാലങ്ങൾ, വിവിധ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ സ്വകാര്യ വ്യക്തികൾക്ക് പരസ്യ ബോർഡുകൾ വയ്ക്കുന്നതിന് കോർപറേഷന്റെ അംഗീകാരത്തോടെ കരാറെടുത്ത കമ്പനിക്കാരാണ് അനുമതി നൽകാറുള്ളത്. ടെൻഡർ നടപടികളോടെയാണ് ബോർഡിന്റെ കരാറെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കരാർ കാലവധി മാർച്ച് 31ന് അവസാനിച്ചെങ്കിലും ഇപ്പോഴും ബോർഡുകൾ വയ്ക്കുന്നതിന്റെ തുക പിരിക്കുന്നത് കാലവധി കഴിഞ്ഞ കമ്പനി തന്നെയാണ്. ബോർഡുകൾ വയ്ക്കുന്നതിന്റെ കാലവധിക്ക് അനുസരിച്ചാണ് തുക. ശ്രദ്ധേയമായ സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ വയ്ക്കുന്നതിന് പതിനായിരക്കണക്കിന് രൂപയാണ് ഈടാക്കുന്നത്. കാലവധി കഴിഞ്ഞാൽ കോർപറേഷൻ തന്നെ നേരിട്ടാണ് പണം പിരിക്കേണ്ടത്. ബോർഡുകൾ, ബാനറുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് നീക്കണം. ഇവ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ബോർഡ് നിർമ്മിക്കുന്ന കക്ഷികളുടെ പേരും വിലാസവും ഏത് സ്ഥാപനത്തിനാണെന്ന വിവരവും (ക്യൂആർ കോഡ്) ഉൾപ്പടെ രേഖപ്പെടുത്താൻ നിർദ്ദേശം നൽകണം. അതേസമയം, രാഷ്ട്രീയ പാർട്ടികളും പൊതുസംഘടനകളും വയ്ക്കുന്ന ബോർഡുകൾക്ക് പണം ഈടാക്കാറില്ല.

ഉൾപ്പെടുത്തുക അടുത്ത അജൻഡയിൽ മാത്രം

പരസ്യ ബോർഡുകളുടെ ടെൻഡർ സംബന്ധിച്ച അജൻഡ അടുത്ത കൗൺസിലിൽ വയ്ക്കാനുള്ള ശ്രമമുണ്ടെങ്കിലും നിലവിലെ കമ്പനിക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സൂചനയുണ്ട്. ഇവർക്ക് തന്നെ നീട്ടി നൽകുന്നതിന് കൗൺസിലിന്റെ അംഗീകാരം നേടുകയാണ് ഇതിന്റെ പിന്നില്ലെന്നും പറയുന്നു. ഇവർക്ക് തുടരാൻ അനവാദം കൗൺസിൽ നൽകിയില്ലെങ്കിൽ നാലു മാസത്തെ തുക ഇവരിൽ നിന്ന് പിടിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

നിലവിലെ കരാറുകാർ തന്നെയാണ് ഇപ്പോഴും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ തുക പിരിക്കുന്നത്. ഇവർക്ക് നീട്ടിക്കൊടുത്തില്ലെങ്കിൽ ഇതുവരെയുള്ള തുക അവരിൽ നിന്ന് ഈടാക്കും. -കോർപറേഷൻ സെക്രട്ടറി